ബൊഗോട്ട: ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനുള്ള പിന്തുണ ആവർത്തിച്ച് കൊളംബിയ. ഫലസ്തീനിലെ റാമല്ലയിൽ എംബസി തുറക്കുമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രഖ്യാപിച്ചു. യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്ന ഗാസയ്ക്കു സഹായവുമായി വിമാനം അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫലസ്തീൻ അംബാസഡർ റഊഫ് അൽമാലികിയുമായുള്ള കൂടിക്കാഴ്ചയിലാണ് പെട്രോയുടെ പ്രഖ്യാപനം. ”രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങൾക്കു വഴിതുറക്കുന്ന ഒരു അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിച്ചുചേർക്കണമെന്ന എന്ന നിലപാട് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. സമാധാനത്തോടെ ജീവിക്കാനുള്ള ഇസ്രായേൽ-ഫലസ്തീൻ കുഞ്ഞുങ്ങളുടെ അവകാശത്തിന് ഐക്യദാർഢ്യം ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.”-പെട്രോ പറഞ്ഞു. ഗാസയുടെ പ്രാന്തപ്രദേശങ്ങളിൽ മാനുഷിക സഹായത്തിനായി കാത്തിരിക്കുന്നവർക്കായി സഹായങ്ങളുമായി വിമാനം അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹമാസ് ആക്രമണത്തോടുള്ള ഇസ്രായേലിന്റെ പ്രത്യാക്രമണത്തെ നേരത്തെ ഗുസ്താവോ പെട്രോ ശക്തമായി എതിർത്തിരുന്നു. ഫലസ്തീനിലെ കുട്ടികൾ സമാധാനത്തോടെ ഉറങ്ങാനുള്ള ഏക വഴി ഇസ്രായേലിലെ കുട്ടികൾ സമാധാനത്തോടെ ഉറങ്ങലാണ്. അതു യുദ്ധം കൊണ്ട് സാധ്യമല്ല. അന്താരാഷ്ട്ര നിയമങ്ങളെയും സ്വതന്ത്രമായി സഹവർത്തിത്തോടെ കഴിയാനുള്ള രണ്ടു രാഷ്ട്രങ്ങളിലെയും ജനങ്ങളുടെ അവകാശത്തെയും മാനിച്ചുകൊണ്ടുള്ള ഒരു സമാധാന കരാറിലൂടെ മാത്രമേ അതു സാധിക്കൂവെന്ന് ഗുസ്താവോ പെട്രോ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ഗുസ്താവോ പെട്രോയുടെ പ്രതികരണത്തിനെതിരെ കൊളംബിയയിലെ ഇസ്രായേൽ അംബാസഡർ രംഗത്തെത്തിയിരുന്നു. മാപ്പുപറഞ്ഞു രാജ്യം വിടണമെന്നാണ് കൊളംബിയൻ വിദേശകാര്യ മന്ത്രാലയം ഇതിനോട് പ്രതികരിച്ചത്.