പത്തനംതിട്ട : ആശ വര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് എസ് മിനിയെ അധിക്ഷേപിച്ച് സിഐടിയു നേതാവ്. മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹര്‍ഷകുമാര്‍ പറഞ്ഞു. സമരത്തിന്റെ പേരില്‍ കഴിഞ്ഞ കുറേ ദിവസമായി ഇവര്‍ തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണ്. ബസ് സ്റ്റാന്‍ഡുകളില്‍ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാര്‍ട്ടിയാണ് സമരത്തിന് പിന്നിലെന്നും ഹര്‍ഷകുമാര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതിരെ പത്തനംതിട്ടയില്‍ ആശവര്‍ക്കേഴ്സ് ഫെഡറേഷന് (സിഐടിയു) നടത്തിയ സമരത്തിനിടെയായിരുന്നു അധിക്ഷേപ പരാമര്‍ശം. ഒരു പാര്‍ട്ടിയുണ്ട്, കേരളത്തില്‍ നമ്മള് ബസ് സ്റ്റാന്‍ഡുകളുടെയും റെയില്‍വേ സ്റ്റഷനുകളുടെയും മുന്നില്‍ പാട്ട കുലുക്കി പിരിവ് നടത്തുന്ന രംഗങ്ങളില്‍ മാത്രമാണ് അവരെ കണ്ടിട്ടുള്ളത്. അതിന്റെ നേതാവ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണ്. കുറേദിവസമായി ഇതിന്റെ ചെലവില്‍ തിരുവനന്തപുരത്ത് കഴിഞ്ഞുകൂടുകയാണ്. ഇങ്ങനെ കുറേ ആളുകളാണ് സമരത്തിന് പിന്നില്‍. ഹര്‍ഷകുമാര്‍ പറഞ്ഞു.
തന്നെ വളരെ മോശമായ രീതിയിലാണ് സംസാരിച്ചതെന്നാണ് മാധ്യമങ്ങളിലുടെ അറിഞ്ഞതെന്ന് മിനി പ്രതികരിച്ചു. സാംക്രമിക രോഗം പരത്തുന്ന കീടം എന്നൊക്കെ പറഞ്ഞു. അതില്‍ എനിക്ക് വിഷമമില്ല. അത് അവരുടെ സംസ്കാരമാണ്. സാധാരണ നികൃഷ്ട ജീവി എന്നൊക്കെയാണ് സിപിഎമ്മുകാര്‍ പറയാറുള്ളത്. 51 വെട്ടൊക്കെയാണ് പതിവു രീതി. അത് തനിക്ക് നേരെ ഉണ്ടായില്ല എന്നതില്‍ സന്തോഷമുണ്ടെന്നും മിനി പ്രതികരിച്ചു. ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം സിഐടിയുവന്റെ ആണിക്കല്ല് ഇളക്കും. അതുകണ്ട് വിറളി പിടിച്ചാണ് നടത്തുന്ന പരാമര്‍ശങ്ങളാണ് ഇതെല്ലാമെന്നും മിനി പറഞ്ഞു. ശമ്പള വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നത്.