ബെയ്ജിങ് : അമേരിക്കയുടെ ‘താരിഫ് കളിക്ക്’ ശ്രദ്ധ കൊടുക്കാനില്ലെന്ന് ചൈന. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 245% വരെ തീരുവ ചുമത്തുമെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
ചൈനീസ് ഇറക്കുമതിക്ക് 245% വരെ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷം അയവില്ലാതെ തുടരുമെന്നാണ് വ്യക്തമാകുന്നത്. അമേരിക്കയ്ക്ക് വഴങ്ങില്ലെന്നും തിരിച്ചടിക്കുമെന്നും ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
പുതിയ വ്യാപാര കരാറുകളെക്കുറിച്ച് ചർച്ച ചെയ്യാൻ ചൈനയൊഴികെ 75ലധികം രാജ്യങ്ങൾ തയ്യാറായിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ ചുമത്തിയ ഉയർന്ന താരിഫുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നുമാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നുണ്ട്. അതായത് ചര്‍ച്ചക്കൊരുങ്ങാതെയുള്ള നിലപാട് സ്വീകരിച്ചതാണ് അമേരിക്കയെ കൂടുതല്‍ പ്രകോപിക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം യുഎസ് താരിഫുകളിൽ “ഗുരുതരമായ ആശങ്ക” പ്രകടിപ്പിച്ചുകൊണ്ട്, ആഗോള വ്യാപാര നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ലോക വ്യാപാര സംഘടനയിൽ ചൈന അടുത്തിടെ പരാതി നൽകിയിരുന്നു.
യുഎസില്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകൾ തമ്മില്‍ നടക്കുന്നത് രൂക്ഷമായ താരിഫ് യുദ്ധമാണ്. അതേസമയം യുഎസ് കമ്പനിയായ ബോയിങ്ങിൽ നിന്ന് ഓർഡർ ചെയ്ത വിമാനങ്ങളൊന്നും സ്വീകരിക്കേണ്ടെന്ന് ചൈനീസ് എയർലൈൻ കമ്പനികൾക്ക് സർക്കാർ നേരത്തെ നിർദേശം നൽകിയിരുന്നു.