സംവിധായകൻ ടിനു പാപ്പച്ചനും നടന്മാരായ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ചാവേർ’. അർജുന്റെ ജന്മദിനത്തോടനുബന്ധിച്ച് അരുൺ എന്ന കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തകർന്നുവീണൊരു കെട്ടിടത്തിന്റെ ഭിത്തിയിൽ വരച്ചുചേർത്തിരിക്കുന്ന രീതിയിലാണ് അരുണിന്റെ മുഖം പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. തെയ്യക്കോലം കെട്ടിയാടാനായി ഇരിക്കുന്നൊരാളും ഒരു നായയും പോസ്റ്ററിലുണ്ട്.
ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളുമായി ത്രില്ലും സസ്പെൻസും നിറച്ചുകൊണ്ടെത്തുന്ന സിനിമയാണ് ചാവേർ എന്നാണ് പുറത്തുവരുന്ന സൂചനകള്‍. സിനിമയുടേതായി ഇറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും നേരത്തെ ശ്രദ്ധനേടിയിരുന്നു. ചാവേറി’ൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അശോകൻ എന്ന കഥാപാത്രത്തിന്റെ ലുക്കും സോഷ്യൽ മീഡിയ മുമ്പ് ഏറ്റെടുത്തിരുന്നു. ടിനു പാപ്പച്ചന്റെ മുൻ ചിത്രങ്ങളെക്കാൾ ഏറെ വ്യത്യസ്തമായ പ്രമേയം സംസാരിക്കുന്ന ചിത്രമായിരിക്കും ‘ചാവേർ’. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.