ബംഗളൂരു: ചന്ദ്രയാൻ 3യുടെ നാലാം ചാന്ദ്രഭ്രമണപഥ താഴ്ത്തലും വിജയകരമായി പൂർത്തിയാക്കിയതായി ഐ എസ് ആർ ഒ. രാവിലെ 8.30നാണ് അന്തിമമായി പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തിയത്. ചന്ദ്രനിൽ നിന്ന് 100 കി.മീ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോൾ ഉള്ളത്. വ്യാഴാഴ്ച ലാൻഡറും പ്രൊപ്പൽഷൻ മൊഡ്യൂളും തമ്മിൽ വേർപിരിയുമെന്ന് ഐ എസ് ആർ ഒ അറിയിച്ചു.
ഓഗസ്റ്റ് 14-ന് രാവിലെ 11.50-ഓടെ ചന്ദ്രന് 150 കി മീ അടുത്തുള്ള ഭ്രമണപഥത്തിൽ ചന്ദ്രയാൻ 3 പ്രവേശിച്ചിരുന്നു. ഈ മാസം 23നായിരിക്കും രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന സോഫറ്റ് ലാൻഡിംഗ്. ഇന്ത്യയുടെ ഭാവിയിലെ ഗ്രഹാന്തര ദൗത്യങ്ങളുടെ ഗതി നിർണയിക്കുന്നതും ചന്ദ്രയാൻ 3 ആണ്. ജൂലായ് 14-ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് “ഐ എസ് ആർ ഒ” ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. ശേഷം പടി പടിയായി ഭൂമിയ്ക്ക് മുകളിലുള്ള ഭ്രമണപഥമുയർത്തി, പേടകം ഓഗസ്റ്റ് മാസത്തോടെ ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. ഓഗസ്റ്റ് ആറിനാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.