തിരുവനന്തപുരം:ചന്ദ്രനടുത്തെത്തി ചന്ദ്രയാൻ 3. ഇന്നലെ ഉച്ചയ്ക്ക് 11.30ന് നടത്തിയ മൂന്നാമത്തെ ഭ്രമണപഥം താഴ്ത്തലോടെ ചന്ദ്രന്റെ 150 കിലോമീറ്റർ അടുത്തും 177കിലോമീറ്റർ അകലത്തും വരുന്ന ചെറിയ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ 3 ഇപ്പോൾ ചുറ്റിക്കൊണ്ടിരിക്കുന്നത്.
നാളെ രാവിലെ 8ന് നടത്തുന്ന അടുത്ത ഭ്രമണപഥം താഴ്ത്തലോടെ ചന്ദ്രയാൻ 3 ചന്ദ്രന്റെ 100 കിലോമീറ്റർ അടുത്തെത്തും. അതിനുശേഷം 17നാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ മൊഡ്യൂളിനെ വേർപെടുത്തുക. ആഗസ്റ്റ് ആറിന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ ഇന്നലെവരെ 174 കിലോമീറ്റർ അടുത്തും 1437കിലോമീറ്റർ അകലത്തുമുള്ള ഭ്രമണപഥത്തിലായിരുന്നു. അവിടെ നിന്നാണ് ചന്ദ്രയാനെ ചന്ദ്രനിലേക്ക് കൂടുതൽ അടുപ്പിച്ചത്.ആഗസ്റ്റ് 23ന് വൈകിട്ടാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ് നടക്കുക. തുടർന്ന് ലാൻഡറും ലാൻഡറിനുള്ളിൽനിന്ന് പുറത്തേക്ക് വരുന്ന റോവറും ചന്ദ്രനിൽ പര്യവേക്ഷണം നടത്തും.