ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-3 ൽ നിന്നുള്ള ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. പേടകം പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഭ്രമണപഥത്തിലേക്കു പ്രവേശിക്കുന്പോൾ ചന്ദ്രയാൻ കണ്ട ചന്ദ്രൻ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ധാരാളം ഗർത്തങ്ങളുള്ള നീലകലർന്ന പച്ച നിറത്തിലുള്ള ചന്ദ്രനെയാണ് ദൃശ്യത്തിൽ കാണാൻ കഴിയുന്നത്.
ഇന്നലെ രാത്രി ഏഴോടെയാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചത്. ഇതോടെ ചന്ദ്രയാൻ 3 ചന്ദ്രനെ വലംവച്ചുതുടങ്ങി. ചാന്ദ്ര ഭ്രമണപഥത്തിൽ കയറിക്കഴിഞ്ഞാൽ അഞ്ചു ഘട്ടമായി ഭ്രമണപഥം താഴ്ത്തി പേടകത്തെ ചന്ദ്രോപരിതലത്തിലേക്ക് അടുപ്പിക്കും. ഭൂമിയിൽനിന്നു ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂ ന്നിൽ രണ്ടു ഭാഗവും ചന്ദ്രയാൻ 3 പിന്നിട്ടു. ജൂലൈ 14നു വിക്ഷേപിച്ച ചന്ദ്രയാൻ 3 പതിനേഴാം ദിവസമാണ്(ഓഗസ്റ്റ് ഒന്ന്) ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു നീങ്ങിയത്. ഇരുപത്തി രണ്ടാം ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചു. ചന്ദ്രയാൻ ചന്ദ്രോപരിതലത്തിൽനിന്നു നൂറു കിലോമീറ്റർ അകലെയെത്തിയശേഷം പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപെടും. ഓഗസ്റ്റ് 17ന് ഇതു സംഭവിച്ചേക്കും. ഓഗസ്റ്റ് 23നു വൈകുന്നേരം ലാൻഡറും റോവറും സോഫ്റ്റ്ലാൻഡിംഗ് നടത്തും.