തിരുവനന്തപുരം:ചന്ദ്രയാൻ പേടകം ഭൂമിക്ക് ഒന്നേകാൽ ലക്ഷം കിലോമീറ്റർ ഉയരത്തിലേക്കുള്ള പ്രയാണം തുടങ്ങി. ഭൂമിയുടെ ആകർഷണവലയത്തിന്റെ അങ്ങേയറ്റമാണിത്. ഭൂമിക്ക് ചുറ്റുമുള്ള അഞ്ചാമത്തേയും അവസാനത്തേയും ഭ്രമണപഥമാണിത്. ഓഗസ്റ്റ് 1ന് രാത്രി പേടകം ഈ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും.
ബംഗളുരുവിലെ ഐ.എസ്.ആർ.ഒ. ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വർക്ക് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അഞ്ചാമത്തെ ഭ്രമണപഥം ഉയർത്തൽ ആരംഭിച്ചത്. 236 കിലോമീറ്റർ കുറഞ്ഞ ദൂരവും 1,27,609 കിലോമീറ്റർ കൂടിയ ദൂരവുമുള്ള ഭ്രമണപഥമാണ് ലക്ഷ്യം. ഇതിൽ പേടകം എവിടെവരെ എത്തിയെന്ന് നിരീക്ഷണങ്ങൾക്ക് ശേഷമേ സ്ഥിരീകരിക്കൂ എന്ന് ഐ. എസ്. ആർ. ഒ അറിയിച്ചു.
ഇൗ ഭ്രമണപഥത്തിൽ ഒരുതവണ ഭൂമിയെ ചുറ്റി വരുന്ന പേടകത്തെ ചന്ദ്രന് നേർക്ക് തിരിച്ചുവിടാൻ ട്രാൻസ് ലൂണാർ ഇൻജക്ഷൻ നടത്തും. ആഗസ്റ്റ് ഒന്നിന് രാത്രി 12നും പുലർച്ചെ ഒരു മണിക്കും ഇടയിലാണിത്. വളരെ നിർണായകമായ ഈ ഘട്ടത്തിലാണ് പേടകം ഭൂമിയുടെആകർഷണവലയം വിട്ട് ചന്ദ്രനിലേക്കുള്ള പ്രയാണം തുടങ്ങുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തും വരെയുള്ള ഈ സഞ്ചാരപഥമാണ് ലൂണാർ ട്രാൻസ്ഫർ ട്രാജക്ടറി. ഇതിന്റെ ഒടുവിൽ ചന്ദ്രന് ചുറ്റും ദീർഘവൃത്ത ഭ്രമണപഥത്തിൽ എത്തും. പിന്നീട് പലതവണകളായി ഭ്രമണപഥം ചുരുക്കി ചന്ദ്രനോട് 100കിലോമീറ്റർ അടുത്തുള്ള വൃത്ത ഭ്രമണപഥത്തിൽ കറങ്ങും.
അതുവരെയാണ് പ്രൊപ്പൽഷൻ മൊഡ്യൂൾ എന്ന പേടകത്തിന്റെ ദൗത്യം. പിന്നെ അനുകൂലമായ സാഹചര്യം വിലയിരുത്തി ലാൻഡറിനെ ചന്ദ്രനിൽ ഇറക്കുന്ന മൂന്നാമത്തെ നിർണായക ഘട്ടമാണ്. എല്ലാ ഘട്ടങ്ങളും വിജയിച്ചാൽ ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാൻഡിംഗ് സാധ്യമായേക്കുമെന്ന് ഐ.എസ്.ആർ.ഒ.ചെയർമാൻ എസ്.സോമനാഥ് നേരത്തേ അറിയിച്ചിരുന്നു