ന്യൂഡൽഹി: ചന്ദ്രയാൻ 3 ദൗത്യത്തിലെ പ്രഗ്യാൻ റോവർ ദൗത്യം പൂർത്തിയാക്കി സ്ലീപ് മോഡിലേക്ക് പ്രവേശിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ഒരു ചാന്ദ്ര പകൽ(14 ഭൗമദിനങ്ങൾ) ആണ് വിക്രം റോവറിലും ലാൻഡറിലും ഘടിപ്പിച്ചിട്ടുള്ള പേലോഡുകളുടെ പ്രവർത്തന കാലാവധിയായി ഐഎസ്ആർഒ കണക്കുകൂട്ടിയിരുന്നത്. ഇന്ന് രാത്രിയോടെ സൂര്യപ്രകാശം ചന്ദ്രനെ വിട്ടൊഴിഞ്ഞതോടെയാണ് പേലോഡുകൾ വിശ്രമത്തിലേക്ക് വഴുതിവീണത്.
ലാൻഡറും റോവറും സുരക്ഷിതമായി പാർക്ക് ചെയ്ത് സ്ലീപ് മോഡിലാക്കിയതായും ഒരു ചാന്ദ്ര രാത്രി(14 ഭൗമദിനങ്ങൾ) പൂർത്തിയാക്കുന്ന സെപ്റ്റംബർ 22-ന് ചന്ദ്രനിൽ സൂര്യപ്രകാശം എത്തുന്പോൾ റോവർ ഉണരുമോ എന്ന് കാത്തിരിക്കുകയാണെന്ന് ഐഎസ്ആർഒ അറിയിച്ചു. എന്നാൽ ഇതിനുള്ള സാധ്യത വിദൂരമാണെന്നാണ് വിദഗ്ധാഭിപ്രായം. ലാൻഡറിലെയും റോവറിലെയും മറ്റ് പേലോഡുകൾ ഉറക്കത്തിലേക്ക് പോകുമെങ്കിലും ‘നാസ’യുടെ സഹായത്തോടെ നിർമിച്ച് ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള ലേസർ റിട്രോറിഫ്ലെക്ടർ അറെ(എൽആർഎ) ഉണർന്ന് തന്നെയിരിക്കും. ഇതിലെ റിട്രോറിഫ്ലക്ടറുകൾ ലാൻഡർ എവിടെയാണെന്ന് കണ്ടെത്താൻ സഹായിക്കും.