തിരുവനന്തപുരം: ചന്ദ്രയാൻ 3 ഇന്ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും.എൽ.വി.എം. 3 റോക്കറ്റ് ചന്ദ്രയാൻ പേടകത്തെ ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ ഉയരത്തിൽ ദീർഘവൃത്ത ഭ്രമണപഥത്തിൽ വിക്ഷേപിക്കും. പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റി ഭ്രമണപഥം ഉയർത്തും.
ആറു ദിവസത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. 45 ദിവസമെടുത്ത് ചന്ദ്രന് 100 കിലോമീറ്റർ അടുത്തെത്തും. ലാൻഡർ വേർപെട്ട് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യും. അതിൽ നിന്ന് റോവർ പുറത്തിറങ്ങി ചന്ദ്രന്റെ മണ്ണിൽ നിരീക്ഷണം നടത്തും. ദൗത്യം വിജയകരമായാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവ്യറ്റ് യൂണിയൻ എന്നിവ മാത്രമാണു മുന്പ് ഈ നേട്ടം കൈവരിച്ചത്.
ആഭ്യന്തര, അന്തർദേശീയ ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാൻ കഴിവുള്ള ഏറ്റവും വലുതും ഭാരമേറിയതുമായ വിക്ഷേപണ വാഹനംകൂടിയാണിത്. മനുഷ്യനെ ബഹിരകാശത്തു കൊണ്ടുപോകുന്ന ഗഗൻയാൻ പദ്ധതിക്കു ഉപയോഗിക്കുന്നത് എൽവിഎം 3 യുടെ രൂപമാറ്റം വരുത്തിയ വാഹനമാണ്. വിക്ഷേപണത്തിനു മുന്പുള്ള ലോഞ്ച് റിഹേഴ്സലും റെഡിനെസ് അനാലിസിസും കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയാക്കിയിരുന്നു. 40 ദിവസത്തിനു ശേഷമാണ് ചന്ദ്രയാൻ 3 ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. 2019ലെ ചന്ദ്രയാൻ 2 ദൗത്യം അവസാന നിമിഷം സോഫ്റ്റ്ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ പരാജയപ്പെട്ടിരുന്നു. ഇന്ന് വിക്ഷേപണം കാണാൻ ജനങ്ങൾക്ക് അവസരമുണ്ട്.