ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യം വഹിക്കുന്ന ചന്ദ്രയാൻ 3 പേടകത്തിൽ നിന്നുള്ള മികവാർന്ന ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ചാന്ദ്ര ഭ്രമണപഥത്തിലുള്ള പേടകത്തിൽ നിന്നുള്ള ചന്ദ്രന്റെയും ഭൂമിയുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്. വിക്ഷേപണ ദിവസമായ ജൂലൈ 14നും ഓഗസ്റ്റ് ആറിനുമായി ലാൻഡറിലെ വ്യത്യസ്തമായ ക്യാമറകളാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
വിക്ഷേപണത്തിന് പിന്നാലെയാണ് ലാൻഡർ ഇമേജർ ക്യാമറ ഭൂമിയുടെ ചിത്രം പകർത്തിയത്. ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറയാണ് ചന്ദ്രോപതരിതലത്തിന്റെ ചിത്രമെടുത്തത്. അതേസമയം ഓഗസ്റ്റ് ആറിന് ചന്ദ്രയാൻ പേടകം പകർത്തിയ ആദ്യ ചിത്രം ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. പേടകത്തിന്റെ സോളാർ പാനലും പശ്ചാത്തലത്തിൽ ചന്ദ്രോപരിതലവും ദൃശ്യമാവുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ചാന്ദ്രപഥത്തിൽ കയറിയ ചന്ദ്രയാൻ 3 പേടകം ഓഗസ്റ്റ് ആറിന് രാത്രി 11ന് ആദ്യചുവട് താഴേക്ക് വച്ചിരുന്നു. ബംഗളൂരുവിലെ ഇസ്ട്രാക് കേന്ദ്രത്തിൽ നിന്ന് നടത്തിയ ശ്രമം പൂർണ്ണവിജയമായിരുന്നെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ഇന്നലെയും ഭ്രമണപഥം വിജയകരമായി താഴ്ത്തി. ഓഗസ്റ്റ് 14നാണ് അടുത്ത ഘട്ടം. ജൂലായ് 14ന് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ച ചന്ദ്രയാൻ3 ലക്ഷ്യത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്. അടുത്തയാഴ്ച പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപെടും. അതോടെ നിർണ്ണായകമായ അന്ത്യഘട്ടത്തിലെത്തും. ഓഗസ്റ്റ് 23നായിരിക്കും ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സോഫറ്റ് ലാൻഡിംഗ്.