തിരുവനന്തപുരം : ഇന്ത്യയുടെ ബഹിരാകാശപദ്ധതികളിൽ നിർണായകമായ ചന്ദ്രയാൻ 3 ലക്ഷ്യമിടുന്നത് ചന്ദ്രോപരിതലത്തിൽ മൃദുവായി ഇറങ്ങാനും റോവർ ഉപയോഗിച്ച് പര്യവേക്ഷണം നടത്താനും. ചന്ദ്രയാൻ 2ൽ നിന്നു വ്യത്യസ്തമായി വിജയാധിഷ്ഠിത രൂപകല്പനയ്ക്കു പകരം ചന്ദ്രയാൻ 3ൽ പരാജയത്തെ അടിസ്ഥാനമാക്കിയുള്ള രൂപകല്പനയാണു തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.ചന്ദ്രയാൻ രണ്ടിന് സാധിക്കാത്തത്, മൂന്നാം ദൗത്യത്തിൽ നേടുമെന്ന വിശ്വാസത്തിൽ പ്രാർത്ഥനകളോടെ സമയമെണ്ണി കാത്തിരിക്കുകയാണ് രാജ്യം.
ചന്ദ്രയാൻ 3 ദൗത്യത്തിൽ പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ മൊഡ്യൂൾ, റോവർ എന്നിവ ഉൾപ്പെടുന്നു. ചന്ദ്രയാൻ 3ൽ കഴിഞ്ഞതവണത്തെ ദൗത്യത്തെ അപേക്ഷിച്ച് കൂടുതൽ ഇന്ധനവും സുരക്ഷാ സംവിധാനങ്ങളുമുണ്ട്.ചില പിഴവുകൾ സംഭവിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് അത്തരം പിഴവുകൾ സംഭവിച്ചാലും റോവർ ചന്ദ്രനിൽ വിജയകരമായി ഇറങ്ങുന്നുവെന്ന് ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഐഎസ്ആർഒ അറിയിച്ചു. ലാൻഡറിലുള്ള 25 കിലോ ഭാരം വരുന്ന റോവർ എന്ന ചെറുവണ്ടി ചന്ദ്രോപരിതലത്തിൽ ഓടി പരീക്ഷണ നിരീക്ഷണങ്ങൾ നടത്തും.
സെൻസർ പരാജയം, എൻജിൻ തകരാർ, അൽഗോരിതം തകരാർ, കണക്കുകൂട്ടൽ തകരാർ എന്നിങ്ങനെ നിരവധി പരാജയങ്ങൾ തങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നും ഏതു തകരാർ ഉണ്ടായാലും ലാൻഡറിനെ സോഫ്റ്റ് ലാൻഡ് ചെയ്യിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു.കഴിഞ്ഞ ദൗത്യത്തിൽ ലാൻഡറിന് ഇറങ്ങാൻ കണക്കാക്കിയിരുന്ന ഭൂപ്രദേശത്തിന്റെ അളവ് 500 x 500 മീറ്റർ ആയിരുന്നെങ്കിൽ ഇത്തവണ അത് 4 x 2.5 കിലോമീറ്റർ ആയി വർധിപ്പിച്ചിട്ടുണ്ട്.
ഭൂമിയെ അഞ്ച് പ്രാവശ്യം വലം വെച്ച് ഭ്രമണപഥത്തിൽ വെച്ച് ഭ്രമണപഥത്തിൽ നിന്നാകും ചന്ദ്രയാൻ ദൗത്യത്തിലേക്ക് നീങ്ങുക. 2019 ല്‍ ചന്ദ്രയാന്‍ – 2 ദൗത്യം സോഫ്റ്റ് ലാന്‍ഡിംഗ് സമയത്ത് വെല്ലുവിളികള്‍ നേരിട്ടതിന് ശേഷമുള്ള ഐ എസ് ആര് ഒയുടെ രണ്ടാമത്തെ ശ്രമമാണിത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഒരിക്കല്‍ കൂടെ പരിശോധിച്ചതിന് ശേഷമാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. 2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു.
ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്. 3,84,000 കിലോമീറ്റർ അകലെ, ചന്ദ്രനിലെ രഹസ്യങ്ങൾ തേടി വീണ്ടുമൊരു യാത്ര തുടങ്ങുകയാണ്. 24 മണിക്കൂർ നീണ്ടുനിന്ന ലോഞ്ചിങ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളിൽ ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് ചന്ദ്രയാൻ മൂന്നിൽ ആണ്. ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീയിലാണ് ചന്ദ്രയാൻ പേടകം ഉള്ളത്.
16 മിനിറ്റും 15 സെക്കൻഡും കൊണ്ട് ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തുമ്പോൾ പേടകം സ്വതന്ത്രമായി ഭൂമിയെ വലയം ചെയ്യാൻ തുടങ്ങും. അഞ്ചുതവണ ഭൂമിയെ ഭ്രമണം ചെയ്തതിനു ശേഷം, വീണ്ടും ചന്ദ്രന്റെ കാന്തിക വലയത്തിലേക്ക് യാത്ര. ചന്ദ്രനിൽ ഭ്രമണപഥം ഉറപ്പിച്ച ശേഷം നിർണായകമായ സോഫ്റ്റ് ലാന്റിങ്. അതിന് ഓഗസ്റ്റ് 23 വരെ നമ്മൾ ക്ഷമയോടെ കാത്തിരിക്കണം.