ബംഗളൂരു : ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ലാന്‍ഡറിലെ നാല് ഇമേജിങ് ക്യാമറകളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പുതിയ ദൃശ്യങ്ങളില്‍ ചന്ദ്രോപരിതലം കൂടുതല്‍ വ്യക്തമാണ്. കഴിഞ്ഞദിവസം, ലാന്‍ഡിങിന് ശേഷം ചന്ദ്രയാന്‍ ആദ്യ ചിത്രങ്ങള്‍ അയച്ചിരുന്നു.
41 ദീവസം നീണ്ട ദൗത്യത്തിനൊടുവിലാണ് ചന്ദ്രയാന്‍ 3 ഇന്നലെ വൈകീട്ട് 6.04 ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ചന്ദ്രയാനിലെ പ്രഗ്യാന്‍ റോവറിന്റെ ചക്രങ്ങള്‍ ചന്ദ്രനില്‍ പതിച്ചതോടെ ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ പതിഞ്ഞു. ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങ്ങിന് നാലു മണിക്കുറുകള്‍ക്ക് ശേഷമാണ് പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങിയത്.
വൈകാതെ റോവര്‍ ചന്ദ്രോപരിതലത്തില്‍ പഠനങ്ങള്‍ ആരംഭിക്കും.ചന്ദ്രനില്‍ സഞ്ചരിച്ചുകൊണ്ട് പ്രഗ്യാന്‍ റോവറാണ് വിവരങ്ങള്‍ കൈമാറുക. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന റോവര്‍ വിവരങ്ങള്‍ ശേഖരിച്ച് ലാന്‍ഡറിലേക്ക് കൈമാറും. ലാന്‍ഡര്‍ അത് ഓര്‍ബിറ്ററിലേക്കും ഓര്‍ബിറ്റര്‍ ഭൂമിയിലേക്കും വിവരങ്ങള്‍ കൈമാറും.
റോവറിന്റെ മുന്നിലായുള്ള രണ്ട് 1 മെഗാപിക്സല്‍ മോണോക്രോമാറ്റിക് ക്യാമറകള്‍ വഴിയാണ് ഭൂമിയുള്ള ശാസ്ത്രജ്ഞര്‍ക്ക് ദൃശ്യങ്ങള്‍ ലഭ്യമാവുക.സൗരോര്‍ജ പാനലുകളാണ് പ്രഗ്യാന്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട ഊര്‍ജം നല്‍കുന്നത്. സെക്കന്‍ഡില്‍ ഒരുസെന്റിമീറ്റര്‍ വേഗത്തിലാണ് പ്രഗ്യാന്‍ റോവര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ സഞ്ചരിക്കുക.