ന്യൂഡൽഹി : ചന്ദ്രനില്‍ ഇന്ത്യയുടെ കയ്യൊപ്പ് ചാര്‍ത്തിയ വിക്രം ലാന്‍ഡറിന്റെ പുതിയ വിവരങ്ങള്‍ക്കായി ആകാംക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്. വിക്രം ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തിങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ചന്ദ്രന്റെ ഉപരിതലത്തിലൂടെയുള്ള റോവറിന്റെ യാത്രയേക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
ചന്ദ്രനിലൂടെ എട്ട് മീറ്റര്‍ ദൂരം പ്രഗ്യാന്‍ റോവര്‍ യാത്ര ചെയ്തു എന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്. റോവറിന്റെ ചലനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞത്.
പ്രഗ്യാന്‍ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന്റെ വീഡിയോ ഐഎസ്ആർഒ പുറത്തു വിട്ടിരുന്നു. ലാന്‍ഡര്‍ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവര്‍ റാംപിലൂടെ പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. റോവറിന്റെ ചക്രങ്ങൾ റാംപിലൂടെ ഉരുണ്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. റോവർ ചക്രങ്ങൾ ഉപരിതലത്തിൽ ഇറങ്ങിയതോടെ, അതിൽ ആലേഖനം ചെയ്ത ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രനില്‍ പതിഞ്ഞു.
41 ദിവസം നീണ്ട ദൗത്യത്തിനൊടുവിലാണ് ചന്ദ്രയാന്‍ 3 ബുധനാഴ്ച വൈകീട്ട് 6.04 ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടിരുന്നു. ലാന്‍ഡറിലെ നാല് ഇമേജിങ് ക്യാമറകളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.