ഗാസ: ഗാസയിൽ നാലു ദിവസം നീണ്ടുനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ഇന്ന് പ്രാബല്യത്തിൽ വരും. വെടിനിർത്തൽ ആരംഭിക്കുന്ന സമയക്രമം സംബന്ധിച്ച അവ്യക്തത ഖത്തർ ഇടപെട്ട് പരിഹരിക്കുമെന്ന് അമേരിക്ക. ബന്ദികളുടെ കൈമാറ്റം നടപ്പാകുന്നതോടെ ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കും. സമഗ്രവെടിനിർത്തൽ നിർദേശം തള്ളിയ ഇസ്രായേൽ, ഹമാസിനെ തുരത്തും വരെ യുദ്ധം തുടരുമെന്ന് മുന്നറിയിപ്പ് നൽകി. ലോകത്തിന്റെ ഏതു ഭാഗത്തായാലും ഹമാസ് നേതാക്കളെ വകവരുത്താൻ നെതന്യാഹു മൊസാദിനോട് ഉത്തരവിട്ടു. ഗാസയിൽ മരണസംഖ്യ 14,500 കടന്നു.
48 ദിവസങ്ങൾ നീണ്ട ആക്രമണത്തിനൊടുവിൽ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ ഇസ്രായേലും ഹമാസും ഒപ്പുവെച്ച നാലു നാൾ നീണ്ടുനിൽക്കുന്ന വെടിനിർത്തൽ കരാർ ഇന്ന് പ്രാബല്യത്തിൽ വരും. പ്രാദേശിക സമയം രാവിലെ 10ന് വെടിനിർത്തൽ ആരംഭിക്കും എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ കരാറിൽ ഇക്കാര്യം വ്യക്തമാക്കാത്ത സാഹചര്യത്തിൽ മധ്യസ്ഥ രാജ്യമായ ഖത്തർ കൂടിയാലോചനകളിലൂടെ തീരുമാനം അറിയിക്കുമെന്ന് യു.എസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു. വെടിനിർത്തൽ എപ്പോൾ ആരംഭിക്കും എന്നറിയില്ലെന്ന് രാത്രി ഇസ്രായേൽ സൈന്യം പ്രതികരിച്ചു. വെടിനിർത്തൽ വേളയിൽ ഗാസയിലെ സൈനികർക്ക് ഇൻറലിജൻസ് വിവരങ്ങൾ കൈമാറുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.