റിയാദ്: പലസ്തീൻ ജനതയെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സൗദി മന്ത്രിസഭ. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിൽ വച്ച് നടത്തിയ യോഗത്തിലാണ് ആവശ്യമുയർന്നത്.
നിലവിൽ ഗാസയിലെ ജനങ്ങൾക്കെതിരെ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം പിൻവലിക്കണമെന്നും സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു. സമാധാനത്തിനുള്ള ചുവടുവെപ്പുകൾ മുന്നോട്ട് കൊണ്ടുപോകണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടിട്ടുണ്ട്.അറബ് സമാധാന സംരംഭങ്ങൾക്കും യുഎന്നിന്റെയും സുരക്ഷാ സമിതിയുടേയും പ്രമേയങ്ങൾക്കും അനുസൃതമായി 1967 ലെ അതിർത്തിയിൽ ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും ഇതിന്റെ തലസ്ഥാനം കിഴക്കൻ ജറുസലേമായിരിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.
സൗദിയും മറ്റ് സൗഹൃദരാജ്യങ്ങളും തമ്മിൽ ഇസ്രയേൽ-ഹമാസ് യുദ്ധം സംബന്ധിച്ച് നടത്തിയ ചർചകളുടെ ഉള്ളടക്കവും മന്ത്രിസഭ വിലയിരുത്തിയിരുന്നു. ഫോൺ വഴി ഇറാൻ, തുർക്കി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരും കിരീടാവകാശിയും തമ്മിൽ നടത്തിയ സംഭാഷണങ്ങളെ പറ്റിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ വിവരങ്ങളും മന്ത്രിസഭ ചർച്ച ചെയ്തിരുന്നു. നിരീക്ഷണത്തിനായുള്ള ദേശീയ കേന്ദ്രം നിർമിക്കുന്നതിനും പ്രതിരോധ വികസനത്തിനുള്ള ജനറൽ അതോറിറ്റിയൂടെ രൂപീകരണത്തിനും യോഗത്തിൽ മന്ത്രിസഭ അനുമതി കൊടുത്തിട്ടുണ്ട്.