മുംബൈ : മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിനെതിരെ സിബിഐ കേസെടുത്തു. ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് കേസെടുത്തത്.
സംഭവത്തിൽ മഹാരാഷ്ട്ര സർക്കാരിന്റെ നിർദേശത്തെ തുടർന്ന് 2022ൽ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര സ്പീക്കർക്ക് ഓഡിയോ, വീഡിയോ തെളിവുകൾ അടങ്ങിയ പെൻഡ്രൈവുകൾ സമർപ്പിച്ചതാണ് അന്വേഷണത്തിന് പ്രേരിപ്പിച്ചത്.
ഈ അന്വേഷണത്തില്‍ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ബോധ്യപെട്ടതിനെ തുടര്‍ന്നാണ് പുതിയ കേസെടുത്തിരിക്കുന്നത്. മുന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും രണ്ട് പോലീസുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 2019 മുതല്‍ 2021 വരെ ഉദ്ദവ് താക്കറെ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു അനില്‍ ദേശ്മുഖ്