കാനഡ: കാനഡയിൽ മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റു. 28 കാബിനറ്റ് അംഗങ്ങളിൽ 24 പേർ പുതുമുഖങ്ങളാണ്. ഇന്ത്യൻ വംശജരായ അനിത ആനന്ദ് പുതിയ വിദേശകാര്യ മന്ത്രിയായും മനിന്ദർ സിങ് സന്ധു അന്താരാഷ്ട്ര വ്യാപാര മന്ത്രിയുമായി ചുമതലയേറ്റു.
മുമ്പ് പ്രതിരോധ വകുപ്പിന്റെയും വിദേശകാര്യ മന്ത്രിയായും ചുമതല വഹിച്ചിട്ടുള്ള വ്യക്തിയാണ് അനിത ആനന്ദ്. മന്ത്രിസഭയുടെ ആദ്യയോഗം ഇന്ന് നടക്കുമെന്നും ഈ മാസം 27ന് പാർലമെന്റ് സമ്മേളനം നടക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
ജസ്റ്റിൻ ട്രൂഡോയുടെ രാജിയെത്തുടർന്ന് സ്ഥാനമേറ്റെടുത്ത കാർണി ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയാണ് ഇപ്പോൾ അധികാരമുറപ്പിച്ചത്. ട്രൂഡോയുടെ മന്ത്രിസഭയ്ക്ക് സമാനമായി സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള മന്ത്രിസഭയാണ് കാർണിയുടേതും. അതേസമയം തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്തതു പോലെ മന്ത്രിസഭയിലെ ആളുകളെ ചുരുക്കി 39ൽ നിന്നും 28ആയി കുറച്ചിട്ടുണ്ട്. തുടർച്ചയായി നാലാം തവണയാണ് കാനഡയിൽ ലിബറൽ പാർട്ടി അധികാരത്തിലെത്തുന്നത്.