ഒട്ടാവ : ഖലിസ്ഥാന്‍ തീവ്രവാദ സംഘടനാ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് കാനഡ സര്‍ക്കാര്‍. റിപ്പോര്‍ട്ട് വെറും ഊഹാപോഹവും അവാസ്തവുമാണെന്നും കനേഡിയന്‍ ദേശീയ സുരക്ഷാ, ഇന്റലിജന്‍സ് ഉപദേഷ്ടാവ് നതാലി ജി ഡ്രൂയിന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിജ്ജാറിന്റെ കൊലപാതകത്തില്‍ നരേന്ദ്രമോദി, വിദേശകാര്യമന്ത്രി ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ക്ക് പങ്കുണ്ടെന്ന് ഒരു കനേഡിയന്‍ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കാനഡയില്‍ നടന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ, വിദേശകാര്യമന്ത്രി ജയശങ്കറിനെയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയോ ബന്ധപ്പെടുത്തി കാനഡ സര്‍ക്കാര്‍ ഒന്നും തന്നെ പ്രസ്താവിച്ചിട്ടില്ല. സര്‍ക്കാരിന് ഇതു സംബന്ധിച്ച് അറിവുള്ള കാര്യവുമല്ല. മറിച്ചുള്ള ഏതൊരു റിപ്പോര്‍ട്ടും ഊഹോപോഹവും കൃത്യമല്ലാത്തതുമാണ്. കാനഡ സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് നിജ്ജറിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർക്ക് ബന്ധമുണ്ടെന്ന് കനേഡിയൻ മാധ്യമമായ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇത്തരം ‘പരിഹാസ്യമായ പ്രസ്താവനകൾ’ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. മോശമായ പ്രചാരണങ്ങൾ ഇന്ത്യ–കാനഡ ബന്ധത്തെ കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജർ കഴിഞ്ഞ വർഷം ജൂൺ 18 ന് ആണ് വെടിയേറ്റ് മരിച്ചത്. നിജ്ജർ കൊലപാതക കേസിൽ കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെ കാനഡ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എഡ്മണ്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിരവധി തവണ ആരോപിച്ചിട്ടുണ്ട്. ട്രൂഡോയുടെ ആരോപണം അസംബന്ധമാണെന്ന് ഇന്ത്യ പ്രസ്താവിച്ചിരുന്നു.