ന്യൂഡൽഹി : സ്റ്റഡി പെർമിറ്റ്, വിസ, മറ്റ് വിദ്യാഭ്യാസ രേഖകൾ തുടങ്ങിയവ വീണ്ടും സമർപ്പിക്കാൻ ഇന്ത്യൻ വിദ്യാർഥികളോട് ആവശ്യപ്പെട്ട് കാനഡ. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡ (ഐആര്സിസി) ആണ് വിദ്യാർഥികൾക്ക് നിർദേശവുമായി മെയിലയച്ചത്. ഐആർസിസി അവരുടെ ഫാസ്റ്റ് ട്രാക്ക് സ്റ്റഡി വിസ പ്രോഗ്രാം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം. നിരവധി ഇന്ത്യൻ വിദ്യാർഥികളെ ഇത് ആശങ്കയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച, പഞ്ചാബിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇത്തരം ഇമെയിലുകൾ ലഭിച്ചിരുന്നു. ചിലരോട് നേരിട്ട് IRCC ഓഫീസുകളിൽ എത്താനും ആവശ്യപ്പെട്ടു. സമീപ വർഷങ്ങളിൽ, അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് കാനഡയിലുണ്ടായിരിക്കുന്നത്. ഇതിൽ സിംഹഭാഗവും ഇന്ത്യൻ വിദ്യാർഥികളാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നത് കാനഡയിലാണ്. 4.2 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിൽ പഠിക്കന്നത്. 3.3 ലക്ഷം ഇന്ത്യൻ വിദ്യാർഥികളുമായി അമേരിക്കയാണ് പിന്നിൽ.
സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകണമെന്ന് വിദ്യാർഥികൾ ഐആർസിസിയോട് ആവശ്യപ്പെട്ടു. അഥേസമയം ഐആർസിസിയുടെ നിർദേശങ്ങൾ പിന്തുടരാനാണ് വിദഗ്ദനിർദേശം. ഇമിഗ്രേഷൻ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2023 മെയ് വരെ പത്തു ലക്ഷത്തിലധികം വിദേശ വിദ്യാർഥികളാണ് കാനഡയിലുള്ളത്. ഇതിൽ 3,96,235 പേർ 2023ന്റെ അവസാനത്തോടെ തൊഴിൽ പെർമിറ്റ് നേടിയിട്ടുണ്ട്. എന്നാൽ വിസാ കാലവധി അവസാനിക്കുന്നതിന്റെയും, കുടിയേറ്റ നയം കർശനമാക്കിയതിന്റെയും ആശങ്കയിലാണ് വിദ്യാർഥികൾ.
സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ബന്ധമുണ്ടെന്നാരോപിച്ച് സെപ്തംബറിൽ ഇന്ത്യൻ നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി ഇന്ത്യയിലുള്ള കനേഡിയൻ ഉദ്യോഗസ്ഥരെയും പുറത്താക്കുകയുണ്ടായി. ഇതിനുപിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.