റിയോ ഡി ജനീറോ : വിഖ്യാത ഫുട്ബോള്‍ മാന്ത്രികന്, ഇതിഹാസ താരം പെലെയ്ക്ക് ആദരമര്‍പ്പിച്ച് ബ്രസീല്‍. അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തിലാണ് രാജ്യത്തിന്റെ ആദരം.
റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റഡീമര്‍ ശില്‍പ്പത്തിനെ ബ്രസീലിന്റെ മഞ്ഞ ജേഴ്സി ധരിപ്പിച്ചു അതില്‍ പെലെ എന്നു എഴുതിയായിരുന്നു ആദരം. ഒപ്പം പെലെയുടെ കായികക്ഷമതയെ അഭിനന്ദിച്ച് മാര്‍പാപ്പ എഴുതിയ കുറിപ്പും ജേഴ്സിയിലുണ്ടായിരുന്നു.
പെലെ ആദ്യമായി കളിക്കാനിറങ്ങിയ സാന്റോസ് ക്ലബിന്റെ ആസ്ഥാനത്തും പെലെയുടെ ജന്മ നാടായ ട്രെസ് കോറാസസിലും അനുസ്മരണ ചടങ്ങുകള്‍ നടന്നു. സാന്റോസിന്റെ ഹോം മൈതാനമായ വില ബെല്മിറോയിലാണ് അനുസ്മരണ പരിപാടികള്‍ നടന്നത്. ചടങ്ങില്‍ പെലെയുടെ മക്കളില്‍ ഒരാള്‍ സെന്റര്‍ സര്‍ക്കിളില്‍ നിന്നു പത്ത് വെള്ള ബലൂണുകള്‍ ആകാശത്തേക്ക് പറത്തി.
കഴിഞ്ഞ വര്‍ഷമാണ് ഫുട്ബോള്‍ മാന്ത്രികന് ലോകത്തോടു വിട പറഞ്ഞത്. മൂന്ന് ലോകകപ്പുകള്‍ ബ്രസീലിനു സമ്മാനിച്ച പെലെ 82ാം വയസിലാണ് അന്തരിച്ചത്.