ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺവ പ്രവിശ്യയിൽ രാഷ്ട്രീയ പാർട്ടി യോഗത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 35 പേർ മരിച്ചു. എൺപതോളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
അഫ്ഗാനിസ്ഥാൻ അതിർത്തിക്ക് സമീപത്തുള്ള ബജുർ ജില്ലയിലെ ഖാർ മേഖലയിൽ ഇന്ന് വൈകിട്ട് നാലിനാണ് സ്ഫോടനം നടന്നത്. തീവ്ര ചിന്താഗതിയുള്ള മൗലാന ഫസ്ലുർ റഹ്മാൻ നയിക്കുന്ന ജാമിയത്ത് ഉലേമ ഇ ഇസ്ലാം ഫസൽ പാർട്ടി(ജെയുഇഎഫ്) സമ്മേളനത്തിനിടെയാണ് സ്ഫോടനം നടന്നത്. സമ്മേളനത്തിൽ നേതാക്കൾ പ്രസംഗിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നും പരിക്കേറ്റവരെ പെഷവാർ, ടിമേർഗരാ മേഖലകളിലെ ആശുപത്രികളിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു.