വാഷിങ്ടണ്‍ : അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങ് ഫാക്ടറികളിലെ തൊഴിലാളികള്‍ സമരത്തില്‍. ശമ്പള വര്‍ധനവ്, പെന്ഷന് പുനഃസ്ഥാപിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. നാല് വര്‍ഷത്തിനുള്ളില്‍ 25 ശതമാനം വര്‍ധനവെന്ന കരാര്‍ തൊഴിലാളികള്‍ അംഗീകരിച്ചില്ല. ഇതെത്തുടര്‍ന്ന്, ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് മെഷിനീസ്റ്റുകളുടേയും എയ്റോസ്പേസ് വര്‍ക്കേഴ്സിന്റെയും അംഗങ്ങളാണ് പണിമുടക്കിയത്.
പണിമുടക്ക് അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുതിയ സിഇഒ കെല്ലി ഓര്‍ട്ട് ബെര്‍ഗ് നടത്തിയെങ്കിലും ഫലം കണ്ടില്ല. കരാര്‍ അംഗീകരിക്കുന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്ന സമയത്ത് വോട്ടിങ് നടത്തുകയും മൂന്നില്‍ രണ്ട് ഭാഗവും കരാറിനെ അംഗീകരിച്ചില്ല. തുടര്‍ന്നാണ് പണിമുടക്കെന്ന അന്തിമ തീരുമാനത്തിലെത്തുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ശമ്പള വര്‍ധവ് നല്‍കണമെന്നായിരുന്നു തൊഴിലാളി യൂണിയന്റെ പ്രധാന ആവശ്യം. കമ്പനി മുന്നോട്ടു വെച്ചിരിക്കുന്ന വേതന വര്‍ധനവ് അപര്യാപ്തമാണെന്നും വാര്‍ഷിക ബോണസ് നല്കുന്ന മാനദണ്ഡത്തില്‍ മാറ്റം വരുത്താനുള്ള കമ്പനിയുടെ സമീപകാല തീരുമാനം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും തൊഴിലാളികള്‍ പ്രതികരിച്ചു.
33,000 തൊഴിലാളികളാണ് ആകെയുള്ളത്. എയര്‍ലൈന്‍ വിമാനങ്ങളുടെ ഉല്‍പ്പാദനത്തെ പണിമുടക്ക് സാരമായി ബാധിച്ചേക്കും. 737 മാക്സ്, 777 ജെറ്റ്, 767 കാര്‍ഗോ വിമാനം എന്നിവയുടെ നിര്‍മാണത്തെ പണിമുടക്ക് സാരമായി തന്നെ ബാധിക്കും. ബോയിങ് 787 നിര്‍മാണത്തെ സമരം ബാധിക്കില്ല.
അതേസമയം പണിമുടക്ക് വാണിജ്യ വിമാനങ്ങളെ ബാധിക്കില്ല. ഫാക്ടറിക്ക് പുറത്ത് പ്ലക്കാര്‍ഡുമായാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്.