മലപ്പുറം: 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. സംവിധായകൻ ബ്ലെസ്സിയുമായി ആദ്യഘട്ട ചർച്ചകൾ നടത്തിയെന്നും മൂന്നുമാസത്തിനുള്ളിൽ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇത്തരമൊരു സിനിമയെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്ന് ബ്ലെസ്സി പ്രതികരിച്ചു. ബോബി ചെമ്മണ്ണൂർ ഇത്തരമൊരു കാര്യം തന്നോട് പറഞ്ഞിരുന്നു. അത് ചെയ്യാമെന്നോ ചെയ്യില്ലെന്നോ താൻ പറഞ്ഞിട്ടില്ല. ഒരേ തരത്തിലുള്ള സിനിമ ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുൽ റഹീമിന്റെ മോചന തുകയിലേക്ക് ബോബി ചെമ്മണ്ണൂർ ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു. താൻ നടത്തിയ യാചക യാത്രയും സിനിമയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ ആട് ജീവിതം ചെയ്ത തനിക്ക് അതേപോലെയുള്ള മറ്റൊരു സിനിമ ചെയ്യാൻ താൽപര്യമില്ലെന്ന് ബ്ലെസ്സി അറിയിക്കുകയായിരുന്നു.