ടെല്‍ അവീവ് : ഗാസയിലെ ആശുപത്രിയില്‍ നൂറുകണക്കിനു പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തില്‍ ഇസ്രയേലിനു ക്ലീന്‍ ചിറ്റ് നല്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണ് ബൈഡന് നിലപാട് അറിയിച്ചത്.
”ഞാന്‍ മനസ്സിലാക്കിയതു വച്ച് അതിനു പിന്നില്‍ നിങ്ങളല്ല, അത് അവരുടെ പണിയാണ്” – ബൈഡന് പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എങ്ങനെയാണ് സ്ഫോടമുണ്ടായതെന്ന് അറിയാത്ത ഒരുപാട് ആളുകള്‍ പുറത്തുണ്ടെന്ന് ബൈഡന് നെതന്യാഹുവിനോട് പറഞ്ഞു.
ആശുപത്രിയിലെ ആക്രമത്തില്‍ ഇസ്രയേലും ഹമാസും പരസ്പരം പഴിചാരുന്നതിനിടെയാണ്, ഇക്കാര്യത്തില്‍ യുഎസ് ഇസ്രയേലിനെ പിന്തുണച്ചു രംഗത്തുവന്നത്. ടെല്‍ അവീവ് വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ബെഞ്ചമിന്‍ നെതന്യാഹു ബൈഡനെ സ്വീകരിച്ചത്.
ഇസ്രയേലിനോടുള്ള യുഎസിന്റെ ഐക്യദാര്‍ഢ്യവും സുരക്ഷയോടുള്ള പ്രതിബദ്ധതയും ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ബൈഡന്റെ സന്ദര്‍ശനം. ഇസ്രയേലിലെത്തിയ ബൈഡന് മറ്റു നേതാക്കളുമായി ചര്‍ച്ച ചെയ്ത് മാനുഷികമായ പിന്തുണ ഗാസയ്ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് സെക്യൂരിറ്റി കൗണ്‍സില്‍ കോഓഡിനേറ്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജോണ്‍ കിര്‍ബി അറിയിച്ചു.
‘പ്രാദേശിക നേതാക്കന്മാരുമായും ചര്‍ച്ച നടത്തി തടവിലാക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് മടക്കി അയയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. പ്രശ്നം കൂടുതല്‍ വഷളാകുന്നതിന് യുഎസ് ആഗ്രഹിക്കുന്നില്ല. ഇസ്രയേല്‍ നടത്തുന്ന പോരാട്ടത്തെ ഉത്തേജിപ്പിക്കുന്നതിന് യാതൊരു നീക്കവുമില്ല. ആക്രമണം തടയുന്നതിനാണ് ശ്രമിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ്, ജോര്‍ദാന്‍രാജാവ് എന്നിവരുമായി ഇതിനകം ചര്‍ച്ച നടത്തി. തടവുകാരായി പിടിച്ചുകൊണ്ടുപോയ യുഎസ് പൗരന്മാരെ മോചിപ്പിക്കുക എന്നത് ബൈഡന്റെ പ്രധാന ലക്ഷ്യമാണ്.’ കിര്‍ബി പറഞ്ഞു.