വാഷിങ്ടൺ : നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുംമുൻപ് ഇറാനെ ആക്രമിക്കാൻ ബൈഡൻ ഭരണകൂടം ആലോചിച്ചിരുന്നതായി റിപ്പോർട്ട്. ഇറാൻ ആണവായുധ പരീക്ഷണവുമായി മുന്നോട്ടുപോയാൽ അവരുടെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനായിരുന്നു പദ്ധതി. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവൻ ആണ് ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ പ്രസിഡന്റ് ജോ ബൈഡനു മുന്നിൽ അവതരിപ്പിച്ചത്.
മൂന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ ‘ആക്സിയോസ്’ ആണ് വാർത്ത പുറത്തുവിട്ടത്. ഒരു മാസം മുൻപാണ് ബൈഡനും സുള്ളിവനും തമ്മിൽ ആക്രമണ പദ്ധതികൾ ചർച്ച ചെയ്തത്. എന്നാൽ, ഇതേക്കുറിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇറാൻ പുതിയതായി ആണവ പരീക്ഷണം നടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലല്ല ആക്രമണവുമായി ബന്ധപ്പെട്ട ആലോചനയുണ്ടായത്. ആണവ പദ്ധതികൾ സജീവമാക്കുകയാണെങ്കിൽ തിരിച്ചടി നൽകാനുള്ള പദ്ധതികളെ കുറിച്ചു ചർച്ച ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജനുവരി 20നുമുൻപ് യുറേനിയം സമ്പുഷ്ടീകരണം 90 ശതമാനമാക്കി ഉയർത്തിയാൽ ഇറാനെ ആക്രമിക്കാനായിരുന്നു പദ്ധതി. സഖ്യകക്ഷികൾക്കൊപ്പം ഇറാന്റെ വ്യോമപ്രതിരോധ സംവിധാനവും മിസൈൽ സജ്ജീകരണങ്ങളും കൂടി ദുർബലമായാൽ അവരെ വിജയകരമായി ആക്രമിക്കാനാകുമെന്നാണ് സുള്ളിവൻ ഉൾപ്പെടെയുള്ള ബൈഡന്റെ ഉപദേഷ്ടാക്കൾ വിശ്വസിക്കുന്നത്. ഇറാൻ തിരിച്ചടിക്കാനും പ്രാദേശികമായി സംഘർഷം രൂക്ഷമാകാനുമുള്ള സാധ്യതയും കുറയുമെന്നും ഇവർ ചൂണ്ടിക്കാട്ടി.
ഇറാനെ ആക്രമണം നടത്തണമെന്ന നിർദേശമല്ല സുള്ളിവൻ ബൈഡനോട് പങ്കുവച്ചതെന്നാണ് ഒരു വൃത്തം ‘ആക്സിയോസി’നോട് പറഞ്ഞത്. ഇത്തരമൊരു സാഹചര്യം വന്നാൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുകയായിരുന്നുവത്രെ. പുതിയ പ്രസിഡന്റ് അധികാരമേൽക്കും മുൻപ് നാടകീയമായി ഇറാനെ ആക്രമിക്കാൻ മാത്രം എന്തെങ്കിലും നടപടികൾ കൈക്കൊണ്ടിട്ടുണ്ടോ എന്ന ചർച്ചയുമുണ്ടായിട്ടുണ്ട്.
അതേസമയം, റിപ്പോർട്ടിനോട് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറായിട്ടില്ല. ആണവായുധങ്ങൾ വികസിപ്പിക്കാൻ പദ്ധതിയില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ മറ്റ് ആവശ്യങ്ങൾക്കു വേണ്ടിയുള്ള ആണവ പരീക്ഷണങ്ങളാണു നടക്കുന്നതെന്നായിരുന്നു വിശദീകരണം.