കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് സിനിമ ഭ്രമയുഗം ഈ മാസം 15 മുതൽ സോണി ലൈലിലൂടെ ഒടിടി റിലീസ് ചെയ്യും. ഫെബ്രുവരി 15ന് റിലീസ് ചെയ്ത സിനിമ ആഗോള വ്യാപകമായി 60 കോടിയിലേറെ സ്വന്തമാക്കിയിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് എത്തിയതെങ്കിലും ഇരു കൈയും നീട്ടി പ്രേക്ഷകർ സിനിമയെ സ്വീകരിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്. രാഹുൽ സദാശിവനാണ് സംവിധാനം.
കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഇതിവൃത്തം. അർജുൻ അശോകനും സിദ്ധാർഥ് ഭരതനും മികച്ച പ്രകടനം കാഴ്ച വെച്ചു. അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ. സംവിധായകൻ രാഹുൽ സദാശിവന്റെ രണ്ടാമത്തെ സിനിമയാണ് ഭ്രമയുഗം. ആദ്യം സംവിധാനം ചെയ്ത ഭൂതകാലം എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു.