ധാക്ക: കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകാരികൾ ശൈഖ് ഹസീനയുടെ കൊട്ടാരം പ്രക്ഷോഭകാരികൾ കൈയേറുന്ന വിഡിയോകൾ പുറത്ത്. വിദ്യാർഥി പ്രക്ഷോഭം കനത്തതിന് പിന്നാലെ പ്രധാനമന്ത്രി പദവി രാജിവെച്ച് ബംഗ്ലാദേശ് വിട്ട പ്രധാനമന്ത്രിയുടെ കൊട്ടാരമാണ് പ്രക്ഷോഭകാരികൾ കൈയേറിയത്.ജയിലിൽ കഴിഞ്ഞിരുന്ന എതിരാളി ബീഗം ഖാലിദാ സിയയെ മോചിപ്പിച്ചതായും റിപ്പോർട്ട് ഉണ്ട്.
കൊട്ടാരത്തിനുള്ളിൽ കടന്ന സമരക്കാർ ഊട്ടുപുരയിൽനിന്ന് ഭക്ഷണം കഴിക്കുന്നതും, പ്രധാനമന്ത്രിയുടെ കിടക്കയിൽ കിടക്കുന്നതടക്കമുള്ള വിഡിയോകൾ പുറത്തുവന്നിരുന്നു. ഫർണിച്ചറുകൾ, പുസ്തകങ്ങൾ, വിലകൂടിയ സാരികൾ, ചായക്കപ്പുകൾ, ടി.വി, പെയിന്റിങ്ങുകൾ എന്നിവ സമരക്കാർക്കൊപ്പമെത്തിയവർ എടുത്തുകൊണ്ടുപോയി.മാധ്യമങ്ങളുടെ കാമറകൾക്ക് നേരെ കൈവീശിയാണ് ആവേശത്തോടെ ജനക്കൂട്ടം കൊട്ടാരവളപ്പിലേക്ക് ഓടിക്കയറുന്നത്. പ്രതിഷേധക്കാർ ഹസീനയുടെ മുറികളിലും അലമാരകളിലും പരിശോധന നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നു.ഹസീനയുടെ പിതാവ് ശൈഖ് മുജീബുർ റഹ്മാൻ്റെ പ്രതിമയും പ്രതിഷേധക്കാർ തകർത്തു. ഹസീനയുടെ അടുത്ത കൂട്ടാളികളുടെ വീടുകളും ജനക്കൂട്ടം ആക്രമിച്ചതായി വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.
ലോകത്ത് സ്വാധീനശേഷിയുള്ള നേതാവെന്ന് ഫോബ്സ് മാസിക വിശേഷിപ്പിച്ച ശൈഖ് ഹസീനയാണ് അധികാരം വിട്ടെറിഞ്ഞ്, ജീവനും കൊണ്ട് ബംഗ്ലാദേശ് വിട്ടോടിയത്. ഒന്നര പതിറ്റാണ്ടോളം തുടർച്ചയായി ഭരിച്ച ഹസീന പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനതയുടെ ചൂടറിഞ്ഞതോടെയാണ് പ്രധാനമന്ത്രി പദവി രാജിവെച്ച് രാജ്യം വിടാൻ നിർബന്ധിതയായത്. കാവ്യനീതിയെന്നാണ് പ്രതിപക്ഷപാർട്ടികളും തെരുവിലിറങ്ങിയ ജനതയും ഹസീനയുടെ രാജിയെ വിശേഷിപ്പിച്ചത്. 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിമുക്ത ഭടൻമാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ചെയ്ത വിവാദ ഉത്തരവിനെതിരെ ജനം പ്രതിഷേധവുമായി തെരുവുവിലിറങ്ങിയതോടെയാണ് ഹസീനയുടെ നിലനിൽപ്പ് അപകടത്തിലായത്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 300ലധികം പേരാണ് കൊല്ലപ്പെട്ടത്. ജനരോഷം ആളിക്കത്തിയതോടെ അത് തന്റെ ജീവൻ അപകടത്തിലാക്കുമെന്ന തിരിച്ചറിവുണ്ടായതോടെയാണ് ഹസീന അധികാരം വിട്ടോടിയത്. പ്രധാനമന്ത്രി രാജിവെച്ചതോടെ വലിയ ആഘോഷമാണ് ബംഗ്ലാദേശിൽ.