ധാക്ക ” മുൻ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കി ബംഗ്ലാദേശിൻ്റെ ഇടക്കാല സർക്കാർ. ഷെയ്ഖ് ഹസീനയുടെ ഭരണ കാലഘട്ടത്തിലെ എല്ലാ പാർലമെൻ്റ് അംഗങ്ങൾക്കും നയതന്ത്ര പാസ്പോർട്ടുകൾ നഷ്ടമായി. ബംഗ്ലാദേശ് ആഭ്യന്തര വകുപ്പാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
ചില രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ നൽകുന്ന നയതന്ത്ര പാസ്പോർട്ടുകൾ മുമ്പ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന കാലത്ത് എംപിമാർക്ക് നൽകിയിരുന്നു. ഈ പാസ്പോർട്ടുകൾ അസാധുവാക്കിയത് അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗ്ലാദേശിൻ്റെ നയതന്ത്ര, രാഷ്ട്രീയ ചട്ടക്കൂട് പുനർനിർവചിക്കാനുള്ള ഇടക്കാല ഗവൺമെൻ്റിൻ്റെ വിശാലമായ ശ്രമങ്ങൾക്ക് അടിവരയിടുന്നതായാണ് വിലയിരുത്തൽ. ബംഗ്ലാദേശിൽ വർധിച്ചുവരുന്ന അക്രമങ്ങൾക്കും ഭീഷണികൾക്കും ഇടയിൽ അഭയം തേടി ഓഗസ്റ്റ് 5 മുതൽ ഷെയ്ഖ് ഹസീന ഇന്ത്യയിലാണ്. ഇന്ത്യയിൽ അഭയം തേടിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും യുകെയിലോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലോ രാഷ്ട്രീയ അഭയത്തിനുള്ള അനുമതി ഷെയ്ഖ് ഹസീനക്ക് ലഭിച്ചിട്ടില്ല.