കൊളംബോ : പാകിസ്ഥാന് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിനു അപൂര്‍വ റെക്കോര്‍ഡ്. ലങ്ക പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേടിയാണ് ബാബര്‍ ശ്രദ്ധേയ റെക്കോര്‍ഡില്‍ തന്റെ പേരും എഴുതി ചേര്‍ത്തത്. കൊളംബോ സ്ട്രൈക്കേഴ്സിനായാണ് താരത്തിന്റെ മിന്നും പ്രകടനം. ഗാലെ ടൈറ്റന്‍സായിരുന്നു എതിരാളികള്‍. മത്സരത്തില്‍ 59 പന്തില്‍ 104 റണ്‍സെടുത്ത താരം എട്ട് ഫോറും അഞ്ച് സിക്സും തൂക്കിയാണ് ശതകം പിന്നിട്ടത്.
ഇതോടെ ടി20 ക്രിക്കറ്റില്‍ 10 സെഞ്ച്വറികള്‍ തികയ്ക്കുന്ന രണ്ടാമത്തെ മാത്രം താരമായി മാറി. വിന്‍ഡീസ് അതികായന് യൂനിവേഴ്സ് ബോസ് ക്രിസ് ഗെയ്ലാണ് 10ല്‍ അധികം സെഞ്ച്വറികളുള്ള ആദ്യ താരം. 22 സെഞ്ച്വറികളാണ് കരീബിയന്‍ ഇതിഹാസം അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര, ഫ്രാഞ്ചൈസി ക്രിക്കറ്റുകളിലെ മൊത്തം കണക്കനുസരിച്ചാണ് ഈ എണ്ണം. മൈക്കല്‍ ക്ലിംഗര്‍, വിരാട് കോഹ്ലി, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് എന്നിവര്‍ എട്ട് സെഞ്ച്വറികളുമായി ഇരുവര്‍ക്കും പിന്നില്‍. കരിയറില്‍ ആദ്യമായാണ് ബാബര്‍ ലങ്ക പ്രീമിയര്‍ ലീഗ് കളിക്കുന്നത്. മത്സരത്തില്‍ ടൈറ്റന്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് കണ്ടെത്തി. വിജയം തേടിയിറങ്ങിയ കൊളംബോ സ്ട്രൈക്കേഴ്സ് ബാബറിന്റെ കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്ത് ഏഴ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.