കൊച്ചി: ഡബ്ല്യു.സി.സി.ക്കെതിരെ വിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. കാരവാനിന് അകത്തിരുന്ന് ഫെയ്സ്ബുക്കിലൂടെ സ്ത്രീവിമോചന പ്രവർത്തനം നടത്തുന്നവരല്ല ഫെഫ്ക. ഈ സംഘടന സ്ത്രീവിരുദ്ധമാണ് എന്ന വിമർശനം പലവട്ടം ഉയർന്നിട്ടുണ്ട്. സൈബർ സ്പേസിന്റെ സുഖശീതളിമയിലിരുന്നുകൊണ്ട് സ്ത്രീവാദം പറയുന്നവരല്ല ഞങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഫെഫ്കയുടെ തൊഴിലാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2009-ൽ നിന്ന് ഈ വർഷത്തെ തൊഴിലാളി സംഗമത്തിലേക്കെത്തുമ്പോൾ ഫെഫ്കയിലെ എല്ലാ വിഭാഗങ്ങളിലും സ്ത്രീപ്രാതിനിധ്യം വലിയ തോതിൽ വർധിച്ചു. ഫെഫ്ക അടിസ്ഥാനപരമായി തൊഴിലാളി സംഘടനയാണ്. സ്ത്രീയും പുരുഷനും ക്വീർസമൂഹവും കറുപ്പും വെളുപ്പും എല്ലാം ഇതിൽ ഉൾക്കൊള്ളുന്നുവെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.