സിഡ്നി : വിദേശത്ത് ജോലിയും പഠനവും സ്വപ്നം കാണുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി ഓസ്ട്രേലിയ വിസ ചട്ടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നു. ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്തിന്റെ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെയും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെയും വരവ് നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ പ്രധാനമായി ആലോചിക്കുന്നത്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഇവരുടെ പ്രാതിനിധ്യം പകുതിയായി കുറയ്ക്കുകയാണ് വിസ ചട്ടങ്ങള്‍ കടുപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
നിലവിലെ കുടിയേറ്റത്തില്‍ പാളിച്ചകള്‍ ഉണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയ കടുത്ത നടപടികളിലേക്ക് കടക്കുന്നത്. 2022-23 വര്‍ഷത്തില്‍ കുടിയേറ്റം അഞ്ചുലക്ഷം കടക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. 2024-25, 2025-26 വര്‍ഷങ്ങളില്‍ ഇത് ഏകദേശം രണ്ടരലക്ഷമായി കുറച്ച് കോവിഡിന് മുമ്പുള്ള നിലയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
നിലവില്‍ കുടിയേറ്റത്തില്‍ നല്ലൊരു പങ്കും വിദേശത്ത് നിന്നുള്ള വിദ്യാര്‍ഥികളാണ്. കഴിഞ്ഞ വര്‍ഷം നിര്‍ണായക മേഖലകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഓസ്ട്രേലിയ സ്വീകരിച്ചത്. നിര്‍ണായക മേഖലകളുടെ വളര്‍ച്ച ലക്ഷ്യമിട്ടായിരുന്നു തീരുമാനം. കോവിഡ് കാലത്ത് കുടിയേറ്റത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡ് മാറിയ പശ്ചാത്തലത്തില്‍ വ്യാവസായിക വളര്‍ച്ച മുന്നില്‍ കണ്ടാണ് ഇളവ് നല്‍കിയത്. എന്നാല്‍ കുടിയേറ്റം സുസ്ഥിരമാക്കാന്‍ പുറത്ത് നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കും കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഇംഗ്ലീഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് മാത്രം പ്രവേശനം നല്കുന്ന തരത്തിലാണ് നയത്തില്‍ മാറ്റം വരുത്തുക. കൂടാതെ ഓസ്ട്രേലിയയില്‍ കൂടുതല്‍ കാലം കഴിയാന്‍ അനുവദിക്കുന്ന ക്രമീകരണങ്ങളും അവസാനിപ്പിക്കും.