ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് വീണ്ടും ബഹിരാകാശയാത്രയ്ക്കൊരുങ്ങുന്നു. ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശവാഹനത്തിന്റെ പരിശീലനയാത്രയിലാണ് ഇന്ത്യൻ വംശജയായ സുനിത ഇത്തവണ ഭാഗമാകുന്നത്. മെയ് ഏഴിന് ഇന്ത്യൻ സമയം രാവിലെ എട്ടിന് ഫ്ലോറിഡയിലെ കേപ് കാനവെറൽ ബഹിരാകാശ താവളത്തിൽനിന്ന് വിക്ഷേപണം നടത്താനാണ് തീരുമാനം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമ്പോൾ തിരികെ വീട്ടിലേക്ക് പോകുന്ന പ്രതീതിയാണെന്ന് സുനിത എൻഡി ടിവിയോട് പറഞ്ഞു. നാസയിലെ ബുച്ച് വിൽമോറും സ്റ്റാർലൈനറിൽ സുനിതയ്ക്കൊപ്പമുണ്ടാകും. 2006 ഡിസംബറിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കായിരുന്നു സുനിതയുടെ ആദ്യയാത്ര. അന്ന് 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തുനടന്ന് റെക്കോഡിട്ടു. 2012ൽ വീണ്ടുമെത്തിയ സുനിത ആകെ ആകെ 50 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്തുനടന്ന് നടന്നിട്ടുണ്ട്. കൂടുതൽസമയം ബഹിരാകാശത്തുനടന്ന വനിതയെന്ന റെക്കോഡിനും ഈ 58കാരിയാണ് ഉടമ.