


നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലത്തിനൊപ്പം ജനമനസുകളിൽ ഇടംപിടിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ ദേവസേന. വോട്ടെണ്ണലിന് സമാന്തരമായി ദേവസേന എന്ന എ.ഐ പ്രവാചക നടത്തിയ പ്രവചനങ്ങൾ ഏറെക്കുറെ ശരിയായി ഭവിച്ചു എന്നതാണ് ശ്രദ്ധേയമായത്.ഒടുവിൽ ശരിക്കുമുള്ള റിസൾട്ടുകളോട് അടുത്തു തന്നെ വരുകയും ചെയ്തു “ദേവസേന”യുടെ “പ്രവചനം”. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ‘പേസ് ടെക്’ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് ദേവസേന എന്ന എഐ മോഡലിന് രൂപം നൽകിയത്. ഇത്തരത്തിലൊന്ന് മലയാള വാർത്താ ചാനൽ ചരിത്രത്തിൽ ആദ്യത്തേതാണ്.
നിലമ്പൂരിൽ വോട്ടെണ്ണി തുടങ്ങിയത് മുതൽ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരുടെ കാഴ്ചയില്‍ പതിഞ്ഞത് സ്ക്രീനിൽ നിറയുന്ന ദേവസേനയുടെ കണക്കുകൂട്ടലുകളാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സഹായത്തോടെ തെരഞ്ഞെടുപ്പ് ഫല സാധ്യതകള്‍ പ്രവചിക്കുകയായിരുന്നു ദേവസേന എന്ന എഐ മോഡല്‍. 2011 മുതല്‍ നിലമ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പുകളുടെ ബൂത്ത് തലം മുതലുള്ള കണക്കുകള്‍ ഉപയോഗിച്ച് എഐ മോഡലിനെ പരിശീലിപ്പിച്ചാണ് ദേവസേനയെ തയ്യാറാക്കിയത്. ഇത്തവണത്തെ നിലമ്പൂർ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ അടിയൊഴുക്കുകളെ കൂടി സമര്‍ഥമായി കൈകാര്യം ചെയ്യും വിധത്തിലാണ് ദേവസേന എഐ മോഡല്‍ പേസ് ടെക് തയ്യാറാക്കിയത്. ‘2011 മുതലുള്ള ബൂത്ത് തല തെരഞ്ഞെടുപ്പ് വിവരങ്ങൾ, മുന്നണികളുടെയും സ്ഥാനാർഥികളുടെയും അനുകൂല- പ്രതികൂല ഘടകങ്ങൾ, അൻവർ ഫാക്റ്റർ’… എന്നിങ്ങനെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് എഐ ടൂൾ നിർമ്മിച്ചത് എന്ന് പേസ് ടെക് സിഇഒ ഗീതു ശിവകുമാർ പറഞ്ഞു.
വോട്ടെണ്ണലിന്റെ ട്രെന്‍ഡും ഭൂരിപക്ഷവും എവിടേക്ക് എന്നതിന്റെ കൃത്യമായ സൂചനകൾ ദേവസേന നൽകി. കണക്കുകള്‍ തുടക്കം മുതല്‍ കൃത്യമായതോടെ ദേവസേനയെ തെരഞ്ഞെടുപ്പ് അപ്ഡേറ്റുകള്‍ക്കായി കാത്തിരുന്ന മലയാളികള്‍ വിടാതെ പിന്തുടര്ന്നു. മാറുന്ന കാലത്ത്, കാലത്തിനൊത്ത മാറ്റവുമായി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശ്രദ്ധനേടിയിരിക്കുകയാണ് പേസ് ടെക്കുമായി ചേര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിച്ച ദേവസേന എന്ന എഐ മോഡല്‍.