തായ്പെ: തായ്വാനിൽ അധികാരം നിലനിർത്തി ഡെമോക്രാറ്റിക്ക് പ്രോഗ്രസിവ് പാർട്ടി. ഭരണപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായ ലായ് ചിംഗ് തേ അധികാരത്തിലേറും. തായ്വാനിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കുമിൻ താംഗ് (കെഎംടി) യുടെ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് ലായ് വിജയിച്ചത്.
ശനിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. തായ്വാൻ അതിർത്തിയിലെ ചൈനയുടെ അവകാശവാദങ്ങളെ തള്ളികളഞ്ഞാണ് ലായുടെ ഡെമോക്രാറ്റിക്ക് പാർട്ടി വിജയിക്കുന്നത്. ത്രികോണ മത്സരം നടന്ന തെരഞ്ഞെടുപ്പിൽ കെഎംടിയുടെ സ്ഥാനാർഥിയായ ഹൗനെയും, തായ്വാൻ പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായ കോ വെൻ ജീയെയും പരാജയപ്പെടുത്തിയാണ് ലായ് അധികാരമുറപ്പിക്കുന്നത്. ചൈന വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയമായ ഭരണപക്ഷം തായ്വാനിൽ തുടർച്ചയായി മൂന്നാം തവണയാണ് അധികാരത്തിലേറുന്നത്.
നേരത്തെ, ലായിയെ വിഘടനവാദിയെന്ന് മുദ്രകുത്താൻ ചൈന ശ്രമിച്ചിരുന്നു. ചർച്ചകൾക്കുള്ള ചൈനയുടെ ആഹ്വാനത്തെ ലായ് നിരാകരിക്കുകയും ചെയ്തിരുന്നു. തായ്വാൻ കടലിടുക്കിലുടനീളം സമാധാനം സംരക്ഷിക്കുന്നതിന് ദ്വീപിന്റെ പ്രതിരോധം വർധിപ്പിക്കുമെന്നും ലായ് പ്രഖ്യാപിച്ചിരുന്നു.