2023 ല്‍ റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍. 100 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 917 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. രശ്മിക മന്ദാനയാണ് നായികയായെത്തിയത്. ബോബി ഡിയോള്‍, അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുക്കുമെന്ന് സംവിധായകന് സന്ദീപ് റെഡ്ഡി പറഞ്ഞു. 2026ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സ്ത്രീവിരുദ്ധതയുടെയും അക്രമം നിറഞ്ഞ രംഗങ്ങളുടെ അതിപ്രസരത്താലും ഏറെ വിമര്‍ശിക്കപ്പെട്ട ചിത്രമായിരുന്നു അനിമല്‍. പിതാവിനോട് അമിതമായ സ്നേഹവും വിധേയത്വവുമുള്ള ഒരു മകന്റെ കഥയാണ്. കഥാപാത്രമായുള്ള പ്രകടനത്തിന്റെ പേരില്‍ രണ്‍ബീര്‍ പ്രശംസിക്കപ്പെട്ടപ്പോഴും ബോളിവുഡിലെ ഒട്ടനവധി സിനിമാപ്രവര്‍ത്തകര്‍ സിനിമയെ കടന്നാക്രമിച്ചു.
സിനിമയെ വിമര്‍ശിച്ചവര്‍ക്കെല്ലാം സന്ദീപ് റെഡ്ഡി മറുപടിയുമായി രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ തന്റെ സിനിമയെ കടന്നാക്രമിക്കുന്നത് ഇരട്ടതാപ്പാണെന്നാണ് അദ്ദേഹം പറയുന്നത്. പലരെയും കടന്നാക്രമിക്കുന്ന സമീപനമാണ് സന്ദീപ് റെഡ്ഡി സ്വീകരിച്ചത്. ഭൂഷണ് കുമാറിന്റെയും കൃഷന് കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ‘അനിമല്‍’ നിര്‍മിച്ചിരിക്കുന്നത്. ഹിന്ദിയ്ക്കു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു.