സാൻഫ്രാൻസിസ്കോ: ടെക്ക് ഭീമനായ ആമസോണിൽ നിന്നും എക്സിൽ നിന്നും വൻതോതിൽ തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ആമസോണിന്റെ ഗെയിം സ്ട്രീമിംഗ് വിഭാഗമായ ട്വിച്ചിൽ കൂട്ടപ്പിരിച്ചുവിടലെന്ന് റിപ്പോർട്ട്. സാന്പത്തിക ഞെരുക്കത്തെ തുടർന്ന് 500 പേരെയാണ് ഇപ്പോൾ പിരിച്ചുവിടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അശ്ലീല ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നിയോഗിക്കപ്പെട്ടിരുന്ന ടീമിലെ 1,000 അംഗങ്ങളെ എക്സിൽ നിന്നും പിരിച്ചുവിട്ടത് . ഇക്കാര്യം ഓസ്ട്രേലിയയുടെ ഇ-സേഫ്റ്റി കമ്മീഷൻ സ്ഥിരീകരിച്ചുവെന്ന സൂചനയും റിപ്പോർട്ടിലുണ്ട്.
കന്പനിയുടെ എന്റർടെയിൻമെന്റ് വിഭാഗത്തിൽ ഇനിയും ആളുകളെ വെട്ടിക്കുറയ്ക്കുമെന്നും സൂചനയുണ്ട്. ആമസോൺ പ്രൈം വീഡിയോ,ആമസോൺ എംജിഎം സ്റ്റുഡിയോ എന്നീ വിഭാഗങ്ങളിലാകും വരും ദിവസങ്ങളിൽ കൂട്ടപ്പിരിച്ചുവിടൽ നടക്കുക. കഴിഞ്ഞ വർഷം മുതൽ തന്നെ കന്പനിയിൽ കൂട്ടപ്പിരിച്ചുവിടൽ ആരംഭിച്ചിരുന്നു. ആഗോളതലത്തിൽ ഏകദേശം 27,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണ് കന്പനി. ഒരു ബില്യൺ യുഎസ് ഡോളറിന് 2014ലാണ് ട്വിച്ചിനെ ആമസോൺ ഏറ്റെടുക്കുന്നത്. കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായി ട്വിച്ചിലെ ഉയർന്ന തസ്തികയിലുള്ളവരെ വരെ കന്പനി നീക്കം ചെയ്യുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022ലാണ് എംജിഎം സ്റ്റുഡിയോയെ ആമസോൺ ഏറ്റെടുക്കുന്നത്.
എക്സിൽ അശ്ലീല ഉള്ളടക്കങ്ങൾ വരുന്നത് സംബന്ധിച്ച് ഇ-സേഫ്റ്റി കമ്മീഷൻ അധികൃതർ കന്പനിയ്ക്ക് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്ന ടീമിലെ സോഫ്റ്റ് വെയർ എഞ്ചിനീയർമാർ, കണ്ടന്റ് മോഡറേറ്ററുമാർ എന്നിവരെയാണ് മുഖ്യമായും ഒഴിവാക്കിയത്. 2022 ഒക്ടോബർ മുതലുള്ള കണക്കുകൾ നോക്കിയാൽ കന്പനിയുടെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി വിഭാഗത്തിലെ 1,213 ജീവനക്കാരാണ് ഇതിനോടകം പിരിഞ്ഞു പോയത്. ഇതിൽ 80 ശതമാനം പേരും സോഫ്റ്റ് വെയർ എഞ്ചിനീയർമാരായിരുന്നു. നിലവിലെ സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിൽ
എക്സിൽ കൂടുതൽ വെട്ടിക്കുറയ്ക്കൽ നടന്നേക്കും.