ജറുസലേം : ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് തട്ടിക്കൊണ്ടുപോയ ബന്ദികളെ ഗാസ സിറ്റിയിലെ അല്‍ ശിഫ ആശുപത്രിയില്‍ കൊണ്ടുവന്നതായി കാണിക്കുന്ന സുരക്ഷാ കാമറ ദൃശ്യങ്ങള്‍ പുറത്ത്. ഇസ്രയേല്‍ സൈന്യം ആണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഒരു ദൃശ്യത്തില്‍ സായുധരായ നാല് പേര് ചേര്‍ന്ന് ഒരാളെ ആശുപത്രിയിലേക്ക് ബന്ദിയാക്കി കൊണ്ടുവരുന്നത് കാണാം. ആശുപത്രിയെന്ന് തോന്നിക്കുന്ന കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോകുന്നു കാണാന്‍ കഴിയും. മറ്റൊരു ദൃശ്യത്തില്‍ നന്നായി പരിക്ക് പറ്റി ബോധമില്ലാത്ത ഒരാളെയും കാണാം. ഇയാളുടെ കൈയില്‍ നല്ല രീതിയില്‍ പരിക്കുണ്ട്.
ഈ രണ്ട് ബന്ദികളെയും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു. 2023 ഒക്ടോബര്‍ 7 ന് നടന്ന ആക്രമണത്തെത്തുടര്‍ന്നുള്ള ദൃശ്യങ്ങളാണെന്നാണ് കരുതുന്നത്. ആ ദിവസങ്ങളില്‍ ദിവസം അല്‍ ശിഫ ആശുപത്രി തീവ്രവാദത്തിന് അടിസ്ഥാന സൗകര്യം ചെയ്തിരുന്നുവെന്നാണ് ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും സൈന്യവും രഹസ്യാന്വേഷണ വിഭാഗവും പ്രസ്താവനയില്‍ പറഞ്ഞു.
ഹമാസ് ബന്ദിയാക്കിയിരിക്കുന്ന ആളുകളെ ആശുപത്രിക്കുള്ളിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണിതെന്നും നേപ്പാള്‍, തായ്ലന്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.