കമൽഹാസൻ-മണിരത്നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രത്തിൽ നിന്നും ദുൽഖർ സൽമാന് പിന്നാലെ ജയം രവിയും പിന്മാറി. ഡേറ്റ് ക്ലാഷ് മൂലമാണ് ജയം രവിയുടെ പിന്മാറ്റം എന്നാണ് റിപ്പോർട്ട്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ ഒന്നും രണ്ടും സിനിമകളിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവിയാണ്. മറ്റ് സിനിമകളുടെ തിരക്കുള്ളതിനാൽ തഗ്ലൈഫിൽ ജോയിൻ ചെയ്യാൻ കഴിയില്ലെന്ന് ജയം രവി വ്യക്തമാക്കി.
വേറെ ചിത്രങ്ങളുടെ തിരക്ക് മൂലമാണ് ദുൽഖറും ഒഴിവായത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്കറി’ലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. അതിനുശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന്റെ ഭാഗമാകും. തഗ് ലൈഫിൽ ദുൽഖർ ചെയ്യാനിരുന്ന റോളിലേക്ക് തമിഴ് താരം സിമ്പുവിനെ പരിഗണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
തെന്നിന്ത്യയിൽ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് തഗ് ലൈഫ്. വലിയ താരനിരയുള്ള സിനിമയിൽ മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, ബാബുരാജ് തുടങ്ങിയവരുമുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തൃഷ, ഗൗതം കാർത്തിക് എന്നിവരാണ് മറ്റ് താരങ്ങൾ.