ബംഗളൂരു : ഐഎസ്ആര്‍ഒയുടെ സൂര്യ പര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എല്‍ വണ്‍ വിക്ഷേപണത്തിന് മുന്നോടിയായുള്ള റിഹേഴ്സല്‍ പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ്. വിക്ഷേപണത്തിന് പിഎസ്എല്‍വി റോക്കറ്റും ഉപഗ്രഹവും തയ്യാറാണ്. കൗണ്ട്ഡൗണ്‍ നാളെ തുടങ്ങുമെന്നും എസ് സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കുക. സതീഷ് ധവാന് സ്പേയ്സ് സെന്ററില്‍നിന്ന് പകല്‍ 11.50ന് പിഎസ്എല്‍വി സി 57 റോക്കറ്റില്‍ പേടകം കുതിക്കും. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലാഗ്രാഞ്ച് പോയിന്റില്‍ നിന്നാണ് പേടകം സൂര്യനെ പഠിക്കുക. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഒന്നാം ലാഗ്രാഞ്ച് പോയിന്റ്. മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയില്‍ എത്തുക. ഏഴ് പരീക്ഷണ ഉപകരണമാണ് ആദിത്യയിലുള്ളത്. സൗരവാതങ്ങള്‍, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന് തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം.