ബംഗളൂരു : ഇന്ത്യയുടെ സൗര ദൗത്യം ആദിത്യ എൽ1 വിജയകരമായി ഭൂമിയുടെ ആകർഷണവലയത്തിൽനിന്നു വിട്ടതായി ഐഎസ്ആർഒ. ഭൂമിയിൽ നിന്ന് 9.2 കിലോമീറ്റർ ദൂരമാണ് ആദിത്യ യാത്ര ചെയ്തത്. സൂര്യനും ഭൂമിക്കുമിടയിലുള്ള ഒന്നാം ലെഗ്രാഞ്ചെ ബിന്ദുവിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ പേടകം.
ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണിത്. ഇവിടെനിന്നു തടസ്സമോ മറവോ കൂടാതെ സൂര്യനെ തുടർച്ചയായി വീക്ഷിക്കാനും പഠിക്കാനും കഴിയും. ജനുവരി ആദ്യ ആഴ്ചയോടെ പേടകം ലക്ഷ്യസ്ഥാനത്ത് എത്തും. ഭൂമിയുടെ ആകർഷണവലയം ഭേദിക്കുന്ന ഐഎസ്ആർഒയുടെ രണ്ടാമത്തെ പേടകമാണ് ആദിത്യ. ചൊവ്വാ ദൗത്യനായി അയച്ച മാർസ് ഓർബിറ്റർ മിഷനായിരുന്നു ആദ്യത്തേത്.
ശ്രീഹരിക്കോട്ടയില്‍നിന്ന് സെപതംബര്‍ രണ്ടിനാണ് ഐഎസ്ആര്‍ഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ വിക്ഷേപിച്ചത്. നാല് ഘട്ടങ്ങളിലായി പഥം ഉയര്‍ത്തി. ചൊവ്വ പുലര്‍ച്ചെ 1.50ന് ബംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നുള്ള കമാന്‍ഡിനെ തുടര്‍ന്ന് പേടകത്തിലെ ത്രസ്റ്റര്‍ ജ്വലിച്ചു. പേടകം അതിവേഗത കൈവരിച്ച് ഗുരുത്വാകര്‍ഷണ വലയം കൃത്യമായി ഭേദിച്ചു.
മൗറീഷ്യസ്, ബംഗളൂരു, ഫിജി, ശ്രീഹരിക്കോട്ട ട്രാക്കിങ് സ്റ്റേഷനുകളുടെ സഹായത്തോടെയായിരുന്നു ഇത്. ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍ എത്തുന്ന പേടകം പ്രത്യേക ഭ്രമണപഥത്തില്‍ സൂര്യനെ വലംവയ്ക്കും. സൂര്യനിലെ കാലാവസ്ഥ, സൗരവാതങ്ങള്‍, സൗരോപരിതല ദ്രവ്യ ഉത്സര്‍ജനം, കാന്തികമണ്ഡലം തുടങ്ങിയവ സമഗ്രമായി പഠിക്കുകയാണ് ലക്ഷ്യം.