ശ്രീഹരിക്കോട്ട : ഇന്ത്യയുടെ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ വണ്‍ അതിന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്ര തുടരുകയാണ്. നാലാം ഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഭ്രമണപഥമാറ്റം പൂർത്തിയാക്കിയത് പുലർച്ചെ രണ്ടുമണിക്ക്. ഇതിനോടകം മൂന്നു തവണയാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്. ആദ്യം സെപ്റ്റംബര്‍ മൂന്നാം തിയതിയും, സെപ്റ്റംബര്‍ അഞ്ചാം തിയതിയും, സെപ്റ്റംബര്‍ പത്താം തിയതിയും ഭ്രമണപഥം ഉയര്‍ത്തി.
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എൽ 1 സെപ്റ്റംബര്‍ രണ്ടിനാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നായിരുന്നു വിക്ഷേപണം. ചന്ദ്രനെ വിജയകരമായി തൊട്ട ഇന്ത്യ അതിശയിപ്പിക്കുന്ന മറ്റൊരു നേട്ടത്തിലേക്കാണ് ആദിത്യ -എൽ 1 കുതിച്ചുയർന്നത്. 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ചിയൻ പോയന്റിലെത്തി സൂര്യനെ കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.