തിരുവനന്തപുരം: ആദിത്യ എൽ 1ന്റെ മൂന്നാം ഭ്രമണപഥം ഉയർത്തലും വിജയം. ഇന്ന് പുലർച്ചെയോടെയാണ് ആദിത്യ എൽ 1 നെ 71,767 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ചത്. ഐ എസ് ആർ ഒയാണ് വിവരം പുറത്തുവിട്ടത്. ലക്ഷ്യത്തിലെത്താൻ രണ്ട് തവണ കൂടി ഭ്രമണപഥം ഉയർത്തും.
15ലക്ഷം കിലോമീറ്റർ അകലെ ബഹിരാകാശത്തെ ലെഗ്രാഞ്ച് പോയിന്റ് ഒന്നിലേക്കാണ് ആദിത്യ കുതിക്കുന്നത്. അവിടെ നിന്നാണ് സൂര്യനെ നിരീക്ഷിക്കുക. അഞ്ച് വർഷമാണ് കാലാവധി. ചന്ദ്രയാൻ ദൗത്യത്തിന്റെ അഭിമാനകരമായ വിജയത്തിന്റെ തൊട്ടുപിന്നാലെ സെപ്തംബർ 2നാണ് ആദിത്യ വിക്ഷേപിച്ചത്.തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ വികസിപ്പിച്ച പി.എസ്.എൽ.വിയുടെ എക്സ്. എൽ ശ്രേണിയിലുള്ള റോക്കറ്റാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ആദിത്യയെ വിക്ഷേപിച്ചത്.
മൗറീഷ്യസ്, ബംഗളൂരു, ആൻഡമാനിലെ പോർട്ട് ബ്ളെയർ എന്നിവിടങ്ങളിലെ മിഷൻ കൺട്രോൾ സെന്ററുകളിൽ നിന്നാണ് ആദിത്യയെ നിയന്ത്രിക്കുന്നത്. മറ്റു രാജ്യങ്ങളുടെ സഹായമില്ലാതെ ഇന്ത്യയിലെ ശാസ്ത്രജ്ഞർ തന്നെ രൂപകല്പന നടത്തിയതാണ് ആദിത്യ പേടകം. സൂര്യനെ സൂക്ഷ്മമായി നിരീക്ഷിക്കാനുതകുന്ന ഏഴ് ആധുനിക പരീക്ഷണ ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. പുതുവർഷത്തിലെ ആദ്യ ആഴ്ച ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണമില്ലാതെ സ്വതന്ത്രമേഖലയായ ലെഗ്രാഞ്ചിൽ സുരക്ഷിതമായി സൗര്യപര്യവേക്ഷണം നടത്താൻ പേടകത്തിനാവും.
ഇതിലൂടെ സൂര്യനെക്കുറിച്ചുള്ള കൂടുതൽ അറിവ് ലഭിക്കുന്നത് ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങൾക്ക് മുതൽക്കൂട്ടാകും. സൂര്യന്റെ ഘടന, താപവ്യതിയാനം, സൗരസ്ഫോടനങ്ങൾ തുടങ്ങിയവയെപ്പറ്റിയാവും പ്രധാനമായും ആദിത്യ പഠിക്കുക. നാല് ഘട്ടങ്ങളിലായ ഭ്രമണപഥം ഉയർത്തി 18ന് ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് ആദിത്യയെ ലക്ഷ്യത്തിലേക്ക് തൊടുത്തുവിടും. ഇതോടെ സൂര്യനിലേക്ക് പേടകത്തെ വിക്ഷേപിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമെന്ന നേട്ടവുമായി.