മോസ്കോ : വാഗ്നർ കൂലിപ്പട്ടാളത്തിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിനെ റഷ്യൻ സർക്കാർ കൊലപ്പെടുത്തിയതാണെന്ന ആരോപണം നിഷേധിച്ച് ക്രെംലിൻ.
പ്രിഗോഷിന്റെ മരണവുമായി ബന്ധപ്പെട്ട് റഷ്യയുടെ പേരിൽ ഉയരുന്ന ആരോപണങ്ങൾ പെരുംനുണകളാണെന്ന് ക്രെംലിൻ ഔദ്യോഗിക വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.
പ്രിഗോഷിന്റെ മരണത്തിന് കാരണമായ വിമാനാപകടത്തെപ്പറ്റി നിരവധി ഊഹോപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. പാശ്ചാത്യ ലോകത്ത് ഒരു പ്രത്യേക ആംഗിളിലാണ് ഈ വാർത്ത പങ്കുവയ്ക്കപ്പെടുന്നത്. അതെല്ലാം നുണയാണ്, പെരുംനുണ.
ഈ വാർത്ത വസ്തുതകളെ അടിസ്ഥാനമാക്കിയാണ് തയാറാക്കേണ്ടത്. നിലവിൽ അപകടത്തെപ്പറ്റിയുളള വസ്തുതകളിൽ വ്യക്തതയില്ല. അപകടത്തെപ്പറ്റിയുള്ള അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഈയടുത്ത നാളുകളിലൊന്നും തന്നെ പ്രിഗോഷിനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. തിരക്കേറിയ ഷെഡ്യൂൾ ഉള്ളതിനാൽ പ്രിഗോഷിന്റെ മൃതസംസ്കാര ശുശ്രൂഷയിൽ പ്രസിഡന്റ് പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.
വാഗ്നർ കൂലിപ്പട്ടാളം നിയമപരവും ഔദ്യോഗികവുമായിയല്ല നിലനിന്നിരുന്നതെങ്കിലും ധീരന്മാരായ വാഗ്നർ പോരാളികൾ യുക്രെയ്ൻ മുന്നേറ്റത്തിൽ റഷ്യയെ വളരെയധികം സഹായിച്ചുവെന്നും പെസ്കോവ് കൂട്ടിച്ചേർത്തു.