ബോക്സ് ഓഫീസിലും പ്രേക്ഷകർക്കിടയിലും ഹിറ്റായി ഫഹദ് ഫാസിൽ സിനിമ ‘ആവേശം’. ചിത്രം ആവേശത്തോടെ പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ റിലീസ് ചെയ്ത് ആറാം ദിവസം ചിത്രം 50 കോടി ക്ലബ്ബിലെത്തി. തുടർച്ചയായി ആറാം ദിവസവും മൂന്ന് കോടിക്കു മുകളിൽ കളക്ഷനാണ് കേരളത്തിൽ നിന്ന് മാത്രം സിനിമയ്ക്ക് ലഭിച്ചത്. ആദ്യ ദിവസം കേരളത്തിൽ നിന്നും 3.5 കോടി വാരിയപ്പോൾ ആഗോള തലത്തിൽ ലഭിച്ചത് 10.57 കോടിയായിരുന്നു. പിന്നീട് വന്ന ദിവസങ്ങളിലെല്ലാം ആഗോള കളക്ഷൻ പത്ത് കോടിയായി സിനിമ നിലനിർത്തി. ഞായറാഴ്ച കേരളത്തിൽ നിന്ന് 4 കോടിയും ആഗോള കളക്ഷൻ 11 കോടിയും നേടി. തമിഴ്നാട്ടിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഞാൻ പ്രകാശൻ ആണ് ഫഹദ് ഫാസിലിന്റെ ആദ്യ അൻപത് കോടി ചിത്രം. ഈ ആവേശം തുടരുകയാണെങ്കിൽ ഫഹദിന്റെ ആദ്യ 100 കോടി ചിത്രമായി ആവേശം മാറും.
ജിത്തു മാധവന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്. കോളജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം എ ആൻഡ് എ റിലീസ് വിതരണം ചെയ്യുന്നു. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന് ജെഎസ്, റോഷന് ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.