ലോകമെമ്പാടും റിലീസിനെത്തി പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’. കേരളത്തിൽ നാനൂറോളം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ അഞ്ച് കോടിക്കു മുകളിലാണ് ആദ്യദിനം കേരളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. മറ്റ് സിനിമകളുടെ റിലീസില്ല എന്നതും ചിത്രത്തിനു നേട്ടമായി. മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ബുക്കിങ് ആപ്പുകളിലൂടെ മാത്രം കേരളത്തിൽ ഇതിനോടകം വിറ്റുപോയത്.
പതിനഞ്ചു വർഷത്തിന് മുൻപ് തുടങ്ങിയ സിനിമാചർച്ച 2008ൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും 2018ലായിരുന്നു ചിത്രീകരണം തുടങ്ങിയത്. ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു സിനിമയുടെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്കർ ജേതാക്കളായ എ.ആർ. റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.