ബൊഗോട്ട : കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ വ്യാഴാഴ്ച ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഭൂകന്പത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ലിഫ്റ്റുകളിലും മറ്റും ആളുകൾ കുടുങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ട്. ഭൂചലനം ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്തുകയും ചെയ്തു. കെട്ടിടത്തിൽ നിന്ന് ഒരു സ്ത്രീ താഴെയ്ക്കു ചാടി മരിച്ചതായും അധികൃതർ അറിയിച്ചു.
കൊളംബിയൻ ജിയോളജിക്കൽ സർവേ (സിജിഎസ്) ഭൂചലനത്തിന്റെ തീവ്രത 6.1 ആണെന്നും യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) 6.3 ആണെന്നും അറിയിച്ചു.
ബൊഗോട്ടയിൽ നിന്ന് 40 കിലോമീറ്റർ തെക്കുകിഴക്കായി രാജ്യത്തിന്റെ മധ്യഭാഗത്തുള്ള എൽ കാൽവാരിയോ പട്ടണത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് കൊളംബിയൻ ഏജൻസി അറിയിച്ചു. ഇതിനു പിന്നാലെയാണ് റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്.