


കൊച്ചി : സിനിമാ സംഘടനയായ ‘അമ്മ’യുടെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങള്‍. ഇതിനായി അവിശ്വാസ പ്രമേയം തയ്യാറാക്കി. നേതൃത്വം അമ്മയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറഞ്ഞ് സ്ഥാനമൊഴിയണമെന്നുമാണ് ഇവരുടെ ആവശ്യം.
അമ്മയ്ക്കെതിരെ സാമ്പത്തിക ദുരുപയോഗ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. ജനറല്‍ ബോഡിയുടെ കണക്ക് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചില്ലെന്നാണ് ആരോപണം. എക്സിക്യൂട്ടീവ് അംഗങ്ങളുടെ വഴക്ക് നേതൃത്വത്തിന് പറഞ്ഞു തീര്‍ക്കാനായില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ശ്വേതാ മേനോന് പ്രസിഡന്റായുള്ള ഭരണസമിതിയാണ് നിലവില്‍ അമ്മയെ നയിക്കുന്നത്. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. സംഘടനക്കുള്ളിലെ തര്‍ക്കത്തെ തുടര്‍ന്ന് ജോയിന്റ് സെക്രട്ടറിയായിരുന്ന അന്‍സിബ ഹസന് രാജിവെച്ചിരുന്നു. അന്‍സിബ ഹസനെ ടിനി ടോം അധിക്ഷേപിച്ചെന്ന പരാതി സിനിമക്ക് പുറത്തേക്കും വ്യാപിച്ചിരുന്നു.
അതിനിടെ, അമ്മയില്‍ നീതി നിഷേധമാണ് നടക്കുന്നതെന്ന ആരോപണവുമായി ട്രഷറര്‍ ഉണ്ണി ശിവപാല്‍ രംഗത്തെത്തി. ഓഫീസ് സ്റ്റാഫിന്റെ പരാതിയില്‍ തന്നെ അമ്മ കേട്ടില്ല. ജനറല്‍ ബോഡിയില്‍ എല്ലാം തുറന്നുപറയും. തന്നെ നിര്‍ബന്ധിത അവധിയില്‍ പറഞ്ഞയച്ചുവെന്നും ഉണ്ണി ശിവപാല്‍ ആരോപിച്ചു.