


കൊച്ചി : സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയെ വീണ്ടും ചോദ്യംചെയ്യാന്‍ ഇന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 29ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്കി.
കേസില്‍ രണ്ടാംതവണയാണ് വീണയെ ചോദ്യംചെയ്യാനൊരുങ്ങുന്നത്. കഴിഞ്ഞ തവണ 10 മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. 100ലേറെ ചോദ്യങ്ങളാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീണയോട് ചോദിച്ചത്. ഇവയില്‍ വീണ്ടും വ്യക്തത വരുത്താനായാണ് രണ്ടാംതവണയും ചോദ്യംചെയ്യല്‍. സാമ്പത്തിക ഇടപാടുകളെക്കുറിച്ചറിയാന് വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്സി ബാങ്കിലാണ് പരിശോധന നടത്തിയത്.
അതേസമയം, കേസില്‍ എസ്എഫ്ഐഒ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ഇനിയും ഇഡിക്ക് ലഭിച്ചിട്ടില്ല. 134 രേഖകളാണ് എസ്എഫ്ഐഒയില്‍ നിന്ന് ലഭിക്കേണ്ടത്. ഈ രേഖകള്‍ ലഭിച്ചെങ്കില്‍ മാത്രമേ തുടര്‍നടപടികളിലേക്ക് കടക്കാനാവൂ. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രേഖകള്‍ ലഭിക്കുമെന്നാണ് ഇഡിയുടെ പ്രതീക്ഷ.
സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയും, ടി. വീണയുടെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക് സൊല്യൂഷന്‍സ്’ എന്ന ഐടി കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് കേസ്. എക്സാലോജിക് നല്കിയ ഐടി സേവനങ്ങള്‍ക്കുള്ള പ്രതിഫലമെന്ന നിലയില്‍ 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്നും, എന്നാല്‍ കമ്പനിക്ക് അത്തരം സേവനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമുള്ള ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തലാണ് അന്വേഷണങ്ങള്‍ക്ക് ആധാരമായത്.
തുടര്‍ന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) ഈ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റര്‍ ചെയ്തത്. യാതൊരു സേവനവും നല്‍കാതെ കൈപ്പറ്റിയ തുക അനധികൃത സാമ്പത്തിക ഇടപാടാണോ എന്നും, ഇതില്‍ കള്ളപ്പണ വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നുമാണ് കേന്ദ്ര ഏജന്‍സികള്‍ പ്രധാനമായും അന്വേഷിക്കുന്നത്.