മോസ്കോ:വാഗ്നര്‍ ഗ്രൂപ്പ് സേനയുടെ പട്ടാള അട്ടിമറി നീക്കത്തിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. മോസ്കോയില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വിമാനങ്ങളില്‍ ഒന്ന് പറന്നുയര്‍ന്നതാണ് അഭ്യൂഹത്തിന് കാരണം. എന്നാല്‍ ഈ വിമാനത്തില്‍ പുടിന് തന്നെയാണോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല.
വാഗ്നര്‍ ഗ്രൂപ്പ് നടത്തുന്ന വിമത നീക്കം മോസ്കോയിലേക്ക് നീങ്ങുന്നതായാണ് സൂചന. മൂന്നു നഗരങ്ങള്‍ വാഗ്നര്‍ ഗ്രൂപ്പ് പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ സേന പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ, വാഗ്നര്‍ ഗ്രൂപ്പിന് നേരെ റഷ്യന്‍ സൈനിക ഹെലികോപ്റ്ററുകള്‍ വെടിയുതിര്‍ത്തു. മോസ്കോയിലേക്കുള്ള പാലങ്ങളില്‍ ഒന്ന് റഷ്യന്‍ സൈന്യം ബോംബ് വെച്ച് തകര്‍ത്തതായുള്ള റിപ്പോര്‍ട്ടുമുണ്ട്. ദക്ഷിണ റഷ്യന്‍ നഗരമായ റോസ്തോവ്-ഓണ്‍-ഡോണ്‍ പിടിച്ചെടുത്ത വാഗ്നര്‍ സേന, ഇവിടെനിന്നാണ് മോസ്കോ ലക്ഷ്യമാക്കി നീങ്ങുന്നത്. ജനവാസ മേഖലകളിലൂടെ കടന്നു പോകുന്ന വാഗ്നര്‍ ഗ്രൂപ്പിന്റെ ടാങ്കുകളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. മോസ്കോയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
വർണോയിഷിൽ വാഗ്നർ കൂലിപ്പടയ്ക്കുനേരെ റഷ്യ വ്യോമാക്രമണം നടത്തി. സൈനിക വാഹനവ്യൂഹത്തിന് നേരെ റഷ്യൻ ആർമി ഹെലികോപ്റ്ററുകൾ വെടിയുതിർക്കുകയായിരുന്നു. റൊസ്തോവിൽനിന്നും മോസ്കോയ്ക്കുള്ള എം 4 ദേശീയ പാതയിലായിരുന്നു ആക്രമണം.ഓയിൽ ഡിപ്പോയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ അഗ്നിശമന സേന ശ്രമിക്കുന്നതായി വർണോയിഷ് ഗവർണർ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് റഷ്യൻ ആക്രമണം. അഗ്നിശമന സേനയുടെ 30 യൂണിറ്റും 100-ലധികം അഗ്നിശമന സേനാംഗങ്ങളും പ്രദേശത്ത് തീയണയ്ക്കാൻ ശ്രമിച്ചുവരികയാണെന്ന് ഗവർണർ അലക്സാണ്ടർ ഗുസെവ് ടെലിഗ്രാമിൽ പറഞ്ഞു.
മോസ്കോയിൽ നിന്ന് 500 കിലോമീറ്റർ തെക്ക് വർണോയിഷ് നഗരത്തിലെ സൈനിക കേന്ദ്രങ്ങൾ വാഗ്നർ വിമതർ നിയന്ത്രണത്തിലാക്കിയതായി ശനിയാഴ്ച രാവിലെ റഷ്യൻ സുരക്ഷാ വൃത്തങ്ങൾ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. യുക്രെയ്നെതിരായ നീക്കത്തില്‍ റഷ്യക്ക് ഏറെ നിര്‍ണായകമായ റൊസ്തോവിൽ കവചിത വാഹനങ്ങളിലും യുദ്ധ ടാങ്കുകളിലും വാഗ്നർ കൂലിപ്പട്ടാളം ഇരിക്കുന്നതിന്റെ പ്രദേശവാസികൾ ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രാദേശിക സമയം രാവിലെ ഏഴരയ്ക്ക് സൈനികആസ്ഥാനത്ത് പ്രവേശിച്ചുവെന്നാണ് വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ഗെനി പ്രിഗോസിൻ ടെലഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ അവകാശപ്പെട്ടത്. വാഗ്നര്‍ ഗ്രൂപ്പ് എത്തുന്നതറിഞ്ഞ് റഷ്യയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് വലേറി ജെറാസിമോവ് ഓടി രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ കെട്ടിടങ്ങളുടെ സുരക്ഷ വർധിപ്പിക്കുകയും പോലീസിന് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. മോസ്കോയിലെ തെരുവുകളിൽ സുരക്ഷ ശക്തമാക്കി. റെഡ് സ്ക്വയറിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്.